മഞ്ഞുമ്മല്‍ ബോയ്സ് നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. മഞ്ഞുമ്മല്‍ ബോയ്സ് നിർമ്മാതാക്കളായ സൗബിൻ ഷാഹിറിന്റെയും ബാബു ഷാഹിറിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.
ഇരുവരും നല്‍കിയ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് അവധിക്കാല ബഞ്ച് നടപടി എടുത്തിരിക്കുന്നത്.
ജസ്റ്റിസ് പിജി അജിത് കുമാറാണ് ഇരുവരുടെയും അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. അരൂർ സ്വദേശിയായ സിറാജ് സിനിമാ നിർമ്മാണത്തിന് ഏഴു കോടി രൂപ നല്‍കിയ തനിക്ക് സിനിമ വൻ സാമ്ബത്തിക നേട്ടം കൈവരിച്ചിട്ടും കരാർ പ്രകാരം മുടക്കുമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ കേസ് എടുത്തത്.
നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോണ്‍ ആന്റണി തുടങ്ങിയവർ സിനിമയുടെ കളക്ഷൻ തുക മുഴുവൻ പിരിഞ്ഞു കിട്ടിയിട്ടില്ല എന്നും കണക്കെടുപ്പ് നടന്നിട്ടില്ല എന്നും കാണിച്ച് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നാണ് ഹൈക്കോടതി നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞത് . വീണ്ടും ഹർജി പരിഗണിക്കുന്നതിനായി 22 വരെ നീട്ടിയ ഹൈക്കോടതി മെയ് 22 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് മരട് പോലീസ് ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.