രണ്ട് സിംകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പണി വരുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടപ്പിലാക്കാന്‍ കേന്ദ്രം

May 6, 2024
0
Views

ന്യൂഡല്‍ഹി: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വരാനിരിക്കുന്നത് കഷ്ടകാലമാണ്. രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളെ സംബന്ധിച്ച്‌ ഒട്ടും ശുഭകരമല്ല പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്.

ഒന്നിലധികം സിംകാര്‍ഡ് ഉപയോഗിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരെ ഒരുപോലെ ബാധിക്കുന്നതാണ് നടപ്പിലാക്കാന്‍ പോകുന്ന തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വാലിഡിറ്റി, ഡാറ്റാ പാക്കേജ് എന്നിവയുടെ താരിഫ് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

ജൂണ്‍ പകുതിയോടെയോ ജൂലായ് ആദ്യത്തോടെയോ രാജ്യത്ത് ടെലികോം താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ താരിഫ് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വരെ ടെലികോം കമ്ബനികള്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 4ജി നിരക്കില്‍ ഈടാക്കുന്നത് 5ജി നിരക്കിലേക്ക് മാറും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

‘2024 ജൂണോടെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും’.ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. മൊബൈല്‍ താരിഫുകളില്‍ അവസാനമായി വന്‍ തോതില്‍ വര്‍ദ്ധനവുണ്ടായത് 2021-ലാണ്. ചില സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് മേഖലയില്‍ കമ്ബനികള്‍ താരിഫ് പരിഷ്‌കരിച്ചിരുന്നു.

ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്ബനികളുടെ നിലപാട്. സര്‍വീസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും കമ്ബനികള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും 20 ശതമാനം നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നാല്‍ അത് ഒന്നിലധികം സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ വലിയരീതിയില്‍ ബാധിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *