രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ : കേന്ദ്ര പെട്രോളിയം മന്ത്രി

September 24, 2021
328
Views

ന്യൂ ഡെൽഹി: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ‘ഇന്ധന വില കുറയണം എന്ന് തന്നെയാണ് നിലപാട്. എന്നാൽ സംസ്ഥാനങ്ങൾ എതിർക്കുന്നത് കൊണ്ടാണ് ഇത് ജി എസ് ടി യിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതും വില കുറയ്ക്കാൻ കഴിയാത്തതുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.

ക്രൂഡ് ഓയിൽ ബാരലിനു 19 ഡോളർ ആയിരുന്നപ്പോഴും 75 ഡോളർ ആയപ്പോഴും 32 രൂപ നികുതി തന്നെയാണ് കേന്ദ്രം ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ മാത്രം പശ്ചിമബംഗാൾ സർക്കാർ 3.51 രൂപ പെട്രോളിന് കൂട്ടിയെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മമതാ ബാനർജിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ പശ്ചിമബംഗാളിലെ ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. നേരത്തെയും ഇതേ വാദവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ജി എസ് ടി കൌൺസിലിലും ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ ഉയർത്തിയെങ്കിലും ബിജെപി ഭരിക്കുന്ന യുപിയും, കേരളവുമടക്കമുള്ള മറ്റു സംസ്ഥാനങ്ങളും ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *