ചന്ദ്രനില്‍നിന്നു സാമ്ബിളുകള്‍ തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ചന്ദ്രയാന്‍-4 നാലു വര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ.
ന്യൂഡല്‍ഹി: ചന്ദ്രനില്‍നിന്നു സാമ്ബിളുകള്‍ തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ചന്ദ്രയാന്‍-4 നാലു വര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ.
ഇന്ത്യയുടെ നിര്‍ദിഷ്ട ബഹിരാകാശ നിലമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂള്‍ 2028 ല്‍ വിക്ഷേപിക്കുമെന്നും ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് പറഞ്ഞു.
റോബോട്ടുകളുടെ സഹായത്തോടെ പരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ളതായിരിക്കും സ്റ്റേഷന്. രാഷ്ട്രപതി ഭവനില്‍ നടത്തിയ പ്രസംഗത്തില്‍ ഏജന്‍സിയുടെ വിഷന്‍ 2047 വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
2035-ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ ദൗത്യങ്ങള്‍ വിദൂരമാണെന്ന് തോന്നുമെങ്കിലും, സുസ്ഥിരമായ മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് നിര്‍ണായകമായ ഒരു പരീക്ഷണം അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നു സോമനാഥ് പറഞ്ഞു.പരസ്പരം ബന്ധിപ്പിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ടാകും ഈ പരീക്ഷണം. വിക്ഷേപണശേഷം വേര്‍പെടുന്ന ഉപഗ്രഹങ്ങള്‍ ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചശേഷം വീണ്ടും കൂടിച്ചേരും. ഡോക്കിങ് എന്നാണ് ഈ പ്രക്രിയ അറിയിപ്പെടുന്നത്.
ചന്ദ്രയാന്‍ -2, ചന്ദ്രയാന്‍ -3 ദൗത്യങ്ങളില്‍ ഇന്ത്യ ലാന്‍ഡറും റോവറും വിജയകരമായി വികസിപ്പിച്ചിരുന്നു. എന്നാല്‍, സാമ്ബിളുകള്‍ തിരികെ കൊണ്ടുവരുന്നതിന് ഇതിലും വികസിതമായ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്നും എസ്. സോമനാഥ് പറഞ്ഞു. സാമ്ബിളുകള്‍ ശേഖരിക്കുന്നതിനുള്ള റോബോട്ടിക് കൈകള്‍, ചന്ദ്രന്റെ ഭ്രമണപഥത്തിലും ഭൂമിയുടെ ഭ്രമണപഥത്തിലും ഡോക്കിങ് സംവിധാനങ്ങള്‍, സാമ്ബിളുകളുടെ കൈമാറ്റം, കത്താതെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കല്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഗഗന്യാന് ദൗത്യത്തിലും ഈ സാങ്കേതികവിദ്യകള്‍ പ്രകടമാകും. ബഹിരാകാശത്തു ഒരു ഉപഗ്രഹത്തില്‍നിന്നു മറ്റ് ഉപഗ്രഹങ്ങളിലേക്ക് ഇന്ധനം നല്കാന് കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനും ഐ.എസ്.ആര്.ഒ. ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ ബഹിരാകാശ നിലയത്തിനു മറ്റു രാജ്യങ്ങളുടെ നിലയങ്ങളുമായി സമ്ബര്‍ക്കം സാധ്യമാക്കാനായി നാസയുമായും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായും ചര്‍ച്ച നടത്തുകയാണെന്നും എസ്. സോമനാഥ് അറിയിച്ചു.