ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ-മൂന്ന് ഒന്നാംഘട്ടത്തില്‍ ഭ്രമണപഥമുയര്‍ത്തി.
ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ-മൂന്ന് ഒന്നാംഘട്ടത്തില്‍ ഭ്രമണപഥമുയര്‍ത്തി.
പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തിയത്. ഇതോടെ ഭൂമിയില്‍നിന്ന് ഏറ്റവും കുറഞ്ഞത് 173 കിലോമീറ്ററും ഏറ്റവും കൂടിയത് 41,762 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ചന്ദ്രയാൻ-മൂന്ന് സഞ്ചരിക്കുന്നത്.
ഭൂമിയില്‍നിന്ന് കുറഞ്ഞത് 170 കിലോമീറ്ററും പരമാവധി 36,500 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ആദ്യഘട്ടത്തില്‍ ഭ്രമണം ചെയ്തിരുന്നത്. ബംഗളൂരുവിലെ ഇസ്ട്രാകില്‍നിന്ന് നിയന്ത്രിക്കുന്ന ബഹിരാകാശ പേടകം സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്ബോഴാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ-മൂന്നിന്റെ ഭ്രമണപഥമുയര്‍ത്തിയത്. വരും ദിവസങ്ങളിലും ഓരോ ഘട്ടങ്ങളായി നാലു തവണകൂടി ഭ്രമണപഥമുയര്‍ത്തും.
ഭൂമിയില്‍നിന്ന് 3,84,400 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രനുള്ളത്. ജൂലൈ 31ന് ഭൂമിയുടെ ഭ്രമണപഥത്തിലെ കറക്കം പൂര്‍ത്തിയാക്കുന്ന ചന്ദ്രയാൻ-മൂന്ന് ആഗസ്റ്റ് ഒന്നോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിത്തുടങ്ങും. ചാന്ദ്ര ഭ്രമണപഥത്തില്‍ അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തിയ ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പല്‍ഷൻ മൊഡ്യൂളും ലാൻഡറും തമ്മില്‍ വേര്‍പെടും. അകത്ത് റോവറിനെയും വഹിച്ചുള്ള ലാൻഡറിന്റെ ചന്ദ്രനിലേക്കുള്ള ഗമനമാണ് പിന്നീടുള്ള പ്രധാന ഘട്ടം. സൂര്യവെളിച്ചം പതിയുന്നത് കണക്കാക്കി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ആഗസ്റ്റ് 23ന് മൃദുവിറക്കം നടത്തുകയാണ് ലക്ഷ്യം.
ദൗത്യത്തിലെ ഓരോ ഘട്ടവും നിര്‍ണായകമാണെന്ന് ഇസ്രോ ചെയര്‍മാൻ എസ്. സോമനാഥ് പറഞ്ഞു. പേടകം ചാന്ദ്ര ഭ്രമണപഥം കണ്ടെത്തേണ്ടതുണ്ട്. അതിന് സാധ്യമായില്ലെങ്കില്‍ ചാന്ദ്രയാൻ-മൂന്നിന്റെ ദൗത്യം അവിടെ അവസാനിക്കും. തങ്ങളുടെ കണക്കുകൂട്ടലുകള്‍ ശരിയാവുമെന്നാണ് പ്രതീക്ഷ -സോമനാഥ് പറഞ്ഞു.