ദുബൈ: തെറി വിറ്റ് കാശാക്കാന്‍ ഉദ്ദേശിച്ചല്ല ‘ചുരുളി’ സിനിമ ചെയ്തതതെന്നും സിനിമയുടെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങളെന്നും നടന്‍ ചെമ്ബന്‍ വിനോദ് ജോസ്.
ചുരുളി സിനിമയെ പറ്റി ഉയരുന്ന വിവാദങ്ങളെ കുറിച്ച് ദുബൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. ചുരുളിയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ചെമ്ബന്‍ വിനോദാണ്. ആ സിനിമയിലെ കഥാപാത്രങ്ങള്‍ കുറ്റവാളികളാണ്. കുറ്റവാളികള്‍ താമസിക്കുന്ന സ്ഥലത്തുള്ളവര്‍ പ്രാര്‍ഥിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്നവരായിരിക്കില്ല. അവര്‍ക്ക് അവരുടേതായ രീതിയുണ്ടാകും. അതാണ് സിനിമയില്‍ ചിത്രീകരിച്ചത് -അദ്ദേഹം വ്യക്തമാക്കി.
സിനിമ തുടങ്ങുമ്ബാള്‍ തന്നെ മുതിര്‍ന്നവര്‍ക്ക് കാണാനുള്ളതാണെന്ന് എഴുതിക്കാണിക്കുന്നുണ്ട്. കുട്ടികളെ പറ്റി ആശങ്കപ്പെടുന്നവര്‍ ഇത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. നിയമാനുസൃതമായാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. വിരല്‍തുമ്ബില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളി എന്ന സിനിമയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് എനിക്ക് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഒപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെട്ടവരുണ്ട് എന്നതില്‍ വിഷമമുണ്ട് -ചെമ്ബന്‍ വിനോദ് വ്യക്തമാക്കി.
‘ഭീമെന്റ വഴി’ എന്ന പുതിയ സിനിമയുടെ യു.എ.ഇയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ചെമ്ബന്‍ വിനോദ് ദുബൈയിലെത്തിയത്. ദേരയിലെ അല്‍ ഗുറൈര്‍ സെന്‍ററില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ അഷ്റഫ് ഹംസ, ആശിഖ് അബു, റിമ കല്ലിങ്കല്‍, നടന്‍ ജിനു ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.