ഇന്ത്യയുടെ മുതിർന്ന ടെസ്റ്റ് താരം ചേതേശ്വർ പൂജാര സൗരാഷ്ട്രയുടെ രഞ്ജി ടീമിൽ. സൗരാഷ്ട്രയുടെ 21 അംഗ സ്ക്വാഡിലാണ് ഇന്ത്യൻ താരം ഇടം നേടിയത്. സമീപകാലത്തായി മോശം പ്രകടനങ്ങൾ നടത്തുന്ന താരം ഫോമിലേക്ക് തിരികെയെത്താനാണ് രഞ്ജി കളിക്കാൻ തീരുമാനിച്ചത്. ഈ മാസം 10നാണ് രഞ്ജി ട്രോഫി ആരംഭിക്കുക. എലീറ്റ് ഗ്രൂപ്പ് ഡിയിലാണ് സൗരാഷ്ട്ര ഉൾപ്പെട്ടിരിക്കുന്നത്. 41 തവണ രഞ്ജി ചാമ്പ്യന്മാരായ മുംബൈക്കൊപ്പമാണ് സൗരാഷ്ട്ര. ഒഡീഷ, ഗോവ എന്നീ ടീമുകളാണ് ഗ്രൂപ്പിൽ ബാക്കിയുള്ളത്. പേസർ ജയദേവ് ഉനദ്കട്ട് ടീമിനെ നയിക്കും. ഐപിഎലിൽ തിളങ്ങിയ ചേതൻ സക്കരിയയും ടീമിൽ ഉണ്ട്
മറ്റൊരു ഇന്ത്യൻ താരം അജിങ്ക്യ രഹാനെയും ഇക്കുറി രഞ്ജി കളിക്കും. മുംബൈ ടീമിനു വേണ്ടിയാണ് രഹാനെ പാഡണിയുക. യുവ താരം പൃഥ്വി ഷാ ആണ് മുംബൈ ക്യാപ്റ്റൻ. സമീപകാലത്തായി രഹാനെയും മോശം ഫോമിലാണ്.രഞ്ജി ട്രോഫി സീസൺ രണ്ട് ഘട്ടമായാണ് നടത്തുക. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎലിനു മുൻപും ശേഷവുമായിട്ടാവും ടൂർണമെൻ്റ് നടത്തുക. ഫെബ്രുവരി രണ്ടാം വാരം രഞ്ജി ആരംഭിക്കും. ഐപിഎൽ ആരംഭിക്കുന്നതോടെ മത്സരങ്ങൾ മാറ്റിവച്ച് ഐപിഎലിനു ശേഷം ബാക്കി മത്സരങ്ങൾ നടത്തും. ജനുവരി 13നാണ് രഞ്ജി ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ ലീഗ് മത്സരങ്ങളും രണ്ടാം ഘട്ടത്തിൽ നോക്കൗട്ട് മത്സരങ്ങളും നടക്കും. ജൂണിലാവും നോക്കൗട്ട് മത്സരങ്ങൾ നടക്കുക. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം രഞ്ജി ട്രോഫി നടന്നിരുന്നില്ല.
.