തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴ് വയസുള്ള ബാലനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.
കമ്മീഷൻ ഇന്ന് കുട്ടിയെ സന്ദർശിക്കും. കുഞ്ഞിന് ആവശ്യമായ പരിരക്ഷ നല്‍കുമെന്ന് കമ്മീഷൻ ചെയർപേഴ്സണ്‍ ഷാനിബ വ്യക്തമാക്കി. എത്രയും വേഗം കുഞ്ഞിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റും. സമാനമായ രീതിയില്‍ നിരവധി കേസുകളാണ് ദിനംപ്രതി കമ്മീഷൻ മുന്നില്‍ എത്തുന്നത്. രണ്ടാനച്ഛൻ, രണ്ടാനമ്മ എന്നിവരുടെ ഉപദ്രവങ്ങളാണ് ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെ എത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ബാലാവകാശ കമ്മീഷൻ സംരക്ഷണം നല്‍കുന്നുണ്ട്. ശക്തമായ നടപടി എടുക്കുമെന്നും ഷാനിബ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാത്ത മാതാപിതാക്കള്‍ക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണമെന്നും സെക്ഷൻ 75 ചുമത്തി കേസെടുക്കണമെന്നുമാണ് കമ്മീഷൻ ഉന്നയിക്കുന്ന ആവശ്യം.
അതേസമയം, സംഭവത്തില്‍ അമ്മ അഞ്ജനയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. രണ്ടാനച്ഛൻ അനുവാണ് കേസിലെ ഒന്നാം പ്രതി. അനുവും, അഞ്ജനയും നിലവില്‍ ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. അമ്മ അഞ്ജന മർദനത്തിന് കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയെ ശിശു സംരക്ഷണ സമിതിയിലേക്ക് മാറ്റി പാർപ്പിച്ചു. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചുമാണ് രണ്ടാനച്ഛന്‍ കുട്ടിയെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ ഏറ്റവും പുതിയ വിവരം.
പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിൻറെ പേരില്‍ ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുയരുന്നുണ്ട്. അച്ഛന്‍ തല്ലിയിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറഞ്ഞു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പോലീസിന്റെ കയ്യില്‍ കിട്ടി