കുതിപ്പു തുടര്‍ന്ന്‌ ചൈന; ഇന്ത്യ നാലാമത്‌

October 6, 2023
42
Views

ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ മെഡല്‍വേട്ട തുടരുന്നു

ഹാങ്‌ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ മെഡല്‍വേട്ട തുടരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘവുമായി ഹാങ്‌ചൗവിലെത്തിയ ഇന്ത്യ തങ്ങളുടെ റെക്കോഡ്‌ മെഡല്‍നേട്ടം 12-ാം ദിനത്തിലും തിരുത്തി നാലാംസ്‌ഥാനം നിലനിര്‍ത്തി മികവു പുലര്‍ത്തി.

179 സ്വര്‍ണമാണ്‌ ചൈനയുടെ അക്കൗണ്ടിലുള്ളത്‌. കൂടാതെ 99 വെള്ളിയും 55 വെങ്കലവും ഉള്‍പ്പെടെ 333 മെഡലുകളുമായി ആതിഥേയര്‍ ബഹുദൂരം മുന്നിലാണ്‌. 44 സ്വര്‍ണവും 54 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 158 മെഡലുകളുമായി ജപ്പാനാണു രണ്ടാമത്‌. മൂന്നാമതുള്ള കൊറിയയ്‌ക്ക് 33 സ്വര്‍ണവും 47 വെള്ളിയും 77 വെങ്കലവും ഉള്‍പ്പെടെ 157 മെഡലുകളാണു സമ്ബാദ്യം.

അമ്ബെയ്‌ത്തില്‍ രണ്ടു സ്വര്‍ണംകൂടി

ഏഷ്യന്‍ ഗെയിംസ്‌ അമ്ബെയ്‌ത്തില്‍ ഇന്ത്യയ്‌ക്കു രണ്ടു സ്വര്‍ണംകൂടി. പുരുഷന്മാരുടെയുടെ വനിതകളുടെയും കോമ്ബൗണ്ട്‌ ടീം ഇനത്തിലാണ്‌ ഇന്ത്യയുടെ അക്കൗണ്ടില്‍ സ്വര്‍ണമെത്തിയത്‌.
വനിതാ ടീം ചൈനീസ്‌ തായ്‌പേയിയെയും പുരുഷന്മാര്‍ ദക്ഷിണ കൊറിയയെയുമാണ്‌ ഫൈനലില്‍ കീഴടക്കിയത്‌. ടോപ്‌ സീഡും നിലവിലെ ലോക ചാമ്ബ്യന്മാരുമായ ജ്യോതി സുരേഖ വെന്നം, പര്‍നീത്‌ കൗര്‍, അതിഥി ഗോപീചന്ദ്‌ സ്വാമി എന്നിവരാണ്‌ വനിതാവിഭാഗത്തില്‍ സ്വര്‍ണം എയ്‌തിട്ടത്‌. 230-229 എന്ന സ്‌കോറിനായിരുന്നു ചൈനീസ്‌ തായ്‌പേയിക്കെതിരായ ജയം. ആദ്യ റൗണ്ടില്‍ 56-54 ന്‌ പിന്നിലായ ഇന്ത്യന്‍ വനിതകള്‍ രണ്ടാം റൗണ്ടില്‍ 112-111 ന്‌ ലീഡെടുത്തു. മൂന്നാം റൗണ്ടില്‍ സ്‌കോര്‍ 171-171 എന്ന നിലയിലായിരുന്നു. ഒടുവില്‍ അവസാന റൗണ്ടില്‍ 60-ല്‍ അറുപതും സ്വന്തമാക്കി ഒറ്റ പോയിന്റിന്റെ വ്യത്യാസത്തില്‍ ഇന്ത്യ സ്വര്‍ണം പിടിച്ചെടുത്തു.
പുരുഷന്‍മാരുടെ കോമ്ബൗണ്ട്‌ ടീം ഇനത്തില്‍ അഭിഷേക്‌ വെര്‍മ, പ്രവീണ്‍ ഓജസ്‌, പ്രഥമേഷ്‌ സമാധാന്‍ എന്നീവരുള്‍പ്പെട്ട സഖ്യമാണ്‌ സ്വര്‍ണം നേടിയത്‌. കലാശപ്പോരില്‍ ദക്ഷിണ കൊറിയയെ 235-230 എന്ന സ്‌കോറിന്‌ ഇന്ത്യന്‍ ടീം തോല്‍പ്പിച്ചു. ചൈനീസ്‌ തായ്‌പേയിയെ 235-234 നു പരാജയപ്പെടുത്തിയാണ്‌ ഇന്ത്യന്‍ പുരുഷന്മാര്‍ കലാശപ്പോരിനു യോഗ്യത നേടിയത്‌.

സ്‌ക്വാഷില്‍ സ്വര്‍ണവും വെള്ളിയും

സ്‌ക്വാഷ്‌ മിക്‌സഡ്‌ ഡബിള്‍സ്‌ ഫൈനലില്‍ സ്വര്‍ണം നേടിയ ഇന്ത്യക്കു പുരുഷ സിംഗിള്‍സില്‍ വെള്ളി.
ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല്‍ സിങ്‌ സഖ്യം മിക്‌സഡ്‌ ഡബിള്‍സ്‌ കലാശപ്പോരില്‍ മലേഷ്യയുടെ ബിന്‍തി അസ്‌മാന്‍ എയ്‌ഫ-മുഹമ്മദ്‌ സിയാഫിക്‌ ജോഡിയെ കീഴടക്കി സ്വര്‍ണമണിഞ്ഞു.
പുരുഷ സിംഗിള്‍സില്‍ സൗരവ്‌ ഘോഷാല്‍ ഇന്ത്യക്കുവേണ്ടി വെള്ളി നേടി. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ്‌ സൗരവ്‌ മലേഷ്യയുടെ എയ്‌ന്‍ യോയ്‌ക്കു മുന്നില്‍ കീഴടങ്ങിയത്‌. ആദ്യ സെറ്റ്‌ 11-9 നു സൗരവ്‌ നേടി. എന്നാല്‍ അടുത്ത മൂന്നു സെറ്റും നേടി മലേഷ്യന്‍ താരം സ്വര്‍ണം സ്വന്തം പേരിലാക്കി. 11-9, 11-5, 11-7 എന്നിങ്ങനെയായിരുന്നു അവസാന മൂന്നു സെറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവിന്റെ പ്രകടനം.
തോറ്റെങ്കിലും 2006 നു ശേഷം തുടര്‍ച്ചയായ അഞ്ച്‌ ഏഷ്യാഡുകളില്‍ മെഡല്‍ നേടുന്ന ആദ്യ സ്‌ക്വാഷ്‌ താരമാകാന്‍ സൗരവ്‌ ഘോഷാലിനായി. നേരത്തേ പുരുഷ ടീം വിഭാഗത്തില്‍ സൗരവ്‌ ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിരുന്നു.

മെഡലുറപ്പിച്ച്‌ കബഡി

ഹാങ്‌ചൗ: വനിതകള്‍ക്കു പുറമേ ഇന്ത്യയുടെ പുരുഷ കബഡി ടീമും മെഡലുറപ്പിച്ച്‌ സെമിഫൈനലില്‍. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ പുരുഷന്മാര്‍ ജപ്പാനെ കീഴടക്കി. സ്‌കോര്‍: 55-18. തുടര്‍ച്ചയായ നാലാം ജയത്തോടെയാണ്‌ ഇന്ത്യ അവസാന നാലിലെത്തിയത്‌. ഇതോടെ ഗ്രൂപ്പില്‍ ഒന്നാം സ്‌ഥാനക്കാരായി മുന്നേറാനും ഇന്ത്യക്കായി. സെമിയില്‍ പാകിസ്‌താനാകും ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ ഇന്ത്യയുടെ വനിതാ ടീമും സെമിയില്‍ പ്രവേശിച്ചിരുന്നു.

മാരത്തണില്‍ നിരാശ

അത്‌ലറ്റിക്‌സ് ഇനങ്ങളിലെ അവസാന ഇനമായ മാരത്തണില്‍ ഇന്ത്യക്കു നിരാശ. മത്സരിച്ച 15 താരങ്ങളില്‍ എട്ടാമതായി ഫിനിഷിങ്‌ പോയിന്റ്‌ കടന്ന മാന്‍ സിങ്ങിന്റേതാണ്‌ മെച്ചപ്പെട്ട പ്രകടനം. മറ്റൊരു താരമായ ബെല്ലിയപ്പ അപ്പഷാന്‍ഗഡ ബോയ്‌ക്ക് 12-ാമത്‌ എത്താനേ സാധിച്ചുള്ളൂ. രണ്ടു മണിക്കൂറും 16 മിനിറ്റും 52 സെക്കന്‍ഡുമെടുത്താണ്‌ മാന്‍ സിങ്‌ ലക്ഷ്യം താണ്ടിയത്‌. 2:20:52 സമയത്തിലാണ്‌ ബോ മത്സരം അവസാനിപ്പിച്ചത്‌. ചൈനീസ്‌ താരങ്ങള്‍ക്കാണ്‌ ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും. കൊറിയ വെള്ളി നേടി.

ഗുസ്‌തിയില്‍ പംഗലിന്‌ വെങ്കലം

വനിതകളുടെ 53 കിലോ വനിതകളുടെ വിഭാഗം ഗുസ്‌തിയില്‍ ഇന്ത്യയുടെ ആന്റിം പംഗലിനു വെങ്കലം. മംഗോളിയയുടെ ബാറ്റ്‌ ഒഷിര്‍ ബോലോര്‍ട്ടുയയെ കീഴടക്കി. സ്‌കോര്‍ 3-1. റെപ്പഷാഗെ റൗണ്ടിലൂടെയാണ്‌ പത്തൊന്‍പതുകാരിയായ പംഗല്‍ വെങ്കലം നേടിയത്‌.
വനിതകളുടെ ഗുസ്‌തി 50 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ പൂജ ഗെലോട്ട്‌് വെങ്കലമെഡല്‍ പോരാട്ടത്തില്‍ തോറ്റു. ഉസ്‌ബെക്‌ താരത്തിനു മുന്നില്‍ 2-9 നായിരുന്നു ഗെലോട്ടിന്റെ പരാജയം. ക്വാര്‍ട്ടറില്‍ മംഗോളിയയുടെ സോട്ട്‌ ഓഷിര്‍ നമൂന്‍സിയെ 5-1 ന്‌ തോല്‍പ്പിച്ചാണ്‌ ഗെലോട്ട്‌ സെമിയില്‍ കടന്നത്‌.
57 കിലോ വിഭാഗം ഫ്രീ സ്‌റ്റൈലില്‍ ഇന്ത്യയുടെ മാന്‍സിയും വെങ്കലപ്പോരാട്ടത്തില്‍ പരാജയം രുചിച്ചു. ഉസ്‌ബെക്കിസ്‌താന്റെ ലേലോഖോന്‍ സോബിറോവ2-6 ന്‌ ജപ്പാന്റെ സകുറായ്‌ സുഗുമിയോടു പരാജയപ്പെട്ടു.
പുരുഷന്മാരുടെ 130 കിലോ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നവീന്‍ ചൈനീസ്‌ താരത്തിനു മുന്നില്‍ മുട്ടുമടക്കി. സ്‌കോര്‍: 0-3.

ഹോക്കി: വനിതകള്‍ സെമിയില്‍ വീണു

ഏഷ്യന്‍ ഗെയിംസ്‌ വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്കു സെമി ഫൈനലില്‍ തോല്‍വി. ആതിഥേയരായ ചൈനയോട്‌ എതിരില്ലാത്ത നാലു ഗോളിനാണ്‌ ജക്കാര്‍ത്ത ഗെയിംസില്‍ വെള്ളിയണിഞ്ഞ ടീം തോറ്റത്‌്. ഫൈനലില്‍ കടക്കാന്‍ കഴിയാതിരുന്നതോടെ അടുത്തവര്‍ഷത്തെ പാരീസ്‌് ഒളിമ്ബിക്‌സിനു നേരിട്ടു യോഗ്യത നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു. ഇനി ഇന്ത്യക്കു വെങ്കല മെഡലിനായുള്ള പോരാട്ടത്തിനു കാത്തിരിക്കാം.
ഗോള്‍രഹിതമായ ആദ്യപാദത്തിനുശേഷം രണ്ടാം പാദത്തില്‍ ചൈന അക്കൗണ്ട്‌ തുറന്നു. പെനാല്‍റ്റി കോര്‍ണറില്‍നിന്ന്‌ ജിയാകി സോങ്‌ പന്ത്‌ വലയിലെത്തിച്ചു. 40-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റിയില്‍നിന്ന്‌ മേയ്‌റോങ്‌ സോവില്‍ ലീഡ്‌ ഉയര്‍ത്തി. മൂന്നാം പാദം 2-0 ന്‌ അവസാനിച്ചു.
അവസാന പാദത്തിലെ 55-ാം മിനിറ്റില്‍ മൂന്നാം ഗോളും കളി അവസാനിക്കാന്‍ മിനിറ്റുകളുള്ളപ്പോള്‍ നാലാം ഗോളും നേടി ആതിഥേയര്‍ ഫൈനലിലേക്കു മാര്‍ച്ച്‌ ചെയ്‌തു.

കനോയിങ്ങിലും കയാക്കിങ്ങിലും പ്രതീക്ഷ

ഏഷ്യന്‍ ഗെയിംസ്‌ കനോയിങ്‌-കയാക്കിങ്‌ വിഭാഗങ്ങളില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ. വിവിധ വിഭാഗങ്ങളിലായി നാലു താരങ്ങളാണ്‌ സെമി ഫൈനലില്‍ കടന്നത്‌.
കനോയിങ്‌ പുരുഷന്മാരില്‍ വിശാല്‍ കേവത്‌ രണ്ടാം ഹീറ്റ്‌സില്‍ നാലാമനായെത്തി സെമിയുറപ്പാക്കി. ആകെ 131.14 സെക്കന്‍ഡിലാണ്‌ വിശാല്‍ ഫിനിഷ്‌ ചെയ്‌തത്‌. 145.83 സെക്കന്‍ഡില്‍ വനിതകളില്‍ ശിഖാ ചൗഹാന്‍ കയാക്ക്‌ സെമിയില്‍ കടന്നു. 119.03 സെക്കന്‍ഡില്‍ ഹിതേഷും 122.98 സെക്കന്‍ഡില്‍ ശുഭം കേവതും കയാക്‌ സെമിഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്‌. രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ഇരുവരും യഥാക്രമം മൂന്ന്‌, നാല്‌ സ്‌ഥാനം സ്വന്തമാക്കിയാണ്‌ സെമിയുറപ്പാക്കിയത്‌.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *