യുക്രെയ്നില്‍ റഷ്യൻ വ്യോമാക്രമണം: ആറു വയസ്സുകാരനടക്കം 51 പേര്‍ കൊല്ലപ്പെട്ടു

October 6, 2023
31
Views

വടക്കു കിഴക്കൻ യുക്രെയ്നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു.

കിയവ്: വടക്കു കിഴക്കൻ യുക്രെയ്നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഖാര്‍കിവ് മേഖലയിലെ പിയാൻസ്കിനടുത്തുള്ള ഹ്രോസ ഗ്രാമത്തില്‍ പ്രാദേശിക സമയം ഉച്ചക്ക് 1.15നാണ് സംഭവം. പ്രദേശവാസിയുടെ മരണത്തെ തുടര്‍ന്ന് ഗ്രാമത്തിലെ കഫേയില്‍ ഒത്തുചേര്‍ന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

മരിച്ചവരില്‍ ആറു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം സിവിലിയന്മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ഹ്രോസയില്‍ സൈനിക കേന്ദ്രങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും പൗരൻമാരെ ഭയപ്പെടുത്താനുള്ള ഹീനകൃത്യമാണ് റഷ്യ നടത്തിയതെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരമാവധി ആളപായം ഉറപ്പാക്കാൻ ഉച്ചഭക്ഷണസമയത്ത് റഷ്യൻ തീവ്രവാദികള്‍ മനഃപൂര്‍വം ആക്രമണം നടത്തുകയായിരുന്നുവെന്നും മന്ത്രാലയം എക്സില്‍ കുറിച്ചു. റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി പറഞ്ഞു.

ആക്രമണത്തെ യു.എൻ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റര്‍ ഡെനിസ് ബ്രൗണ്‍ അപലപിച്ചു. സിവിലിയന്മാര്‍ക്ക് നേരെ മനഃപൂര്‍വം ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ധാന്യ കയറ്റുമതി ഇടനാഴിയും നിര്‍ണായകമായ കേന്ദ്രങ്ങളും സംരക്ഷിക്കാനായി ആറ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍കൂടി യുക്രെയ്‌നിന് നല്‍കുമെന്ന് സ്പെയിൻ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *