‘ചുരുളി’ക്ക് ക്ലീന്‍ ചിറ്റ്; ഭാഷാപ്രയോഗത്തില്‍ തകരാറില്ല, നിയമനടപടി ആവശ്യമില്ലെന്ന് പോലീസ്

January 18, 2022
106
Views

തിരുവനന്തപുരം: ചുരുളി സിനിമയ്‌ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേക സംഘം. ഓടിടി പ്ലാറ്റ്‌ഫോം പൊതു ഇടമായി കണക്കാക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചു. സിനിമയിലെ ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ.

കലാസൃഷ്‌ടി എന്ന നിലയിൽ തെറ്റുകളിലെന്നും പ്രത്യേക സംഘത്തിന്റെ വിലയിരുത്തൽ. പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നൽകി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്നും കണ്ടെത്തി.

കൂടാതെ ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും പൊലീസിന്റെ പ്രത്യേക സംഘം അറിയിച്ചു. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുരുളി സിനിമ കണ്ട് റിപ്പോർട്ട് നൽകിയത്.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

തുടർന്ന് സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ നസീമ എന്നിവരാണ് സിനിമ കണ്ട് റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *