തിരുവനന്തപുരം: കേരളാ റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ യഥാര്‍ഥ ചെലവ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നീതി ആയോഗിനു സമര്‍പ്പിച്ചിരുന്നു. അവരുടെ ആദ്യ ഘട്ട പരിശോധനയില്‍ ഡല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസ്, മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍, മെട്രോ റെയില്‍വേസ് തുടങ്ങിയ പദ്ധതികളുടെ ചെലവുമായി സില്‍വര്‍ലൈന്‍ പദ്ധതിയുടെ ചെലവു താരമത്യം ചെയ്തിരുന്നു. ഇതേക്കുറിച്ച്, നീതി ആയോഗ് കെ.ആര്‍.ഡി.സി.എല്ലിന്റെ വിശദീകരണം ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെ.ആര്‍.ഡി,സി. എല്‍ വിശദീകരണം സമര്‍പ്പിക്കുകയും നീതി ആയോഗ് അത് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ വായ്പയ്ക്കായി കേന്ദ്ര സാമ്ബത്തിക കാര്യ മന്ത്രാലയത്തിനു നീതി ആയോഗ് ശുപാര്‍ശ ചെയ്തതുമാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്ബത്തിക കാര്യ മന്ത്രാലയത്തിന്‍റെ സ്ക്രീനിംഗ് കമ്മമിറ്റി വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ആക്സില്‍ ലോഡ് പതിനേഴ് ടണ്‍ ആയതിനാല്‍ ചരക്കു ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും ഹൈബ്രിഡ് മോഡല്‍ നടപ്പിലാക്കി സാമ്ബത്തിക ലാഭം നേടാന്‍ സാധിക്കില്ലെന്നുമുള്ള വാദം വസ്തുതാ വിരുദ്ധമാണ്. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ 16 ടണ്‍ ആക്സില്‍ ലോഡുള്ള പാസഞ്ചര്‍ തീവണ്ടികളും മണിക്കൂറില്‍ 120 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ 22.5 ടണ്‍ ആക്സില്‍ ലോഡുള്ള റോ-റോ ചരക്കു വണ്ടികളും ഓടിക്കാന്‍ പര്യാപ്തമായ ഘടനയിലാണ് സില്‍വര്‍ലൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് ചരക്കുഗതാഗതം സുഗമമായി നടക്കും -മുഖ്യമന്ത്രി പറഞ്ഞു.
എ.പി. അനില്‍കുമാര്‍, ടി.ജെ. വിനോദ്, അന്‍വര്‍സാദത്ത്, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.