ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നയം വ്യക്തമാക്കും. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നഷ്ടപരിഹാരമായി എത്ര രൂപ നൽകാമെന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ഹർജി പരിഗണിക്കുക.
മാനസിക പിന്തുണയ്ക്കപ്പുറം പെൺകുട്ടിയുടെ ആത്മവിശ്വാസം വേണ്ടെടുക്കുകയാണ് വേണ്ടതെന്ന് നേരത്തെ പെൺകുട്ടിയുടെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവരാമചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് അച്ചടക്ക നടപടിയല്ലെന്നും എന്തു കൊണ്ടാണ് ഇനിയും നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും കോടതി ചോദിച്ചു. നമ്പി നാരായണന് കൊടുത്തത് പോലെ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ആവശ്യപ്പെട്ടു.
കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ പൊലീസുകാരിയുടെ മാനസികാവസ്ഥയെപ്പറ്റിയാണ് ആശങ്കപ്പെടുന്നത്. സ്ഥലം മാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതു തന്നെ ആവര്‍ത്തിച്ചാല്‍ എന്ത് ചെയ്യുമെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.