കോടതി വിധി ലംഘിച്ച് നിർമ്മാണം; കെ.എസ്.ഇ.ബി ഭൂമി വിവാദത്തിൽ പുതിയ തെളിവുകൾ

February 16, 2022
100
Views

ഹൈക്കോടതി ഉത്തരവ് മറികടന്നാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സി പി ഐ എം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിര‍മാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് പരാതികൾ ഉയർന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടയുകയായിരുന്നു.

നിർമാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻ ഒ സിക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു. നിബന്ധനകൾ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി നൽകിയത് ബോർഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടർന്ന് രേഖകൾ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം കെഎസ്ഇബി ചെയര്‍മാന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയും രംഗത്തെത്തി. തന്റെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം. വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ലെന്നും ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *