കൊറോണ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇന്ത്യ : കുട്ടികളെ കാര്യമായി ബാധിക്കില്ല; പുതിയ പഠനം

September 14, 2021
148
Views

ചണ്ഡീഗഢ്: രാജ്യം കൊറോണയുടെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. ഭൂരിഭാഗം കുട്ടികളിലും കൊറോണയ്ക്കേതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാൽ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ (പിജിഐഎംഇആർ) ഡയറക്ടർ ഡോ. ജഗത് റാം പറഞ്ഞു. ഇതിനിടെ മൂന്നാം തരംഗത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നൽകി.

കൊറോണ മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് നമ്മൾ. 27,000 കുട്ടികളിൽ പിജിഐഎംഇആർ നടത്തിയ പഠനത്തിൽ 70 ശതമാനം പേരിലും കൊറോണ ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്.’ – ഡോ. ജഗത് റാം പറഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും നടത്തിയ സിറോ സർവേയിൽ 50 മുതൽ 75 ശതമാനം വരെ കുട്ടികളിൽ കൊറോണയ്ക്കേതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

’69 ശതമാനം മുതൽ 73 ശതമാനം വരെ കുട്ടികളിൽ കൊറോണയ്ക്കേതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ശതരാശരി 71 ശതമാനം പേരിൽ ആന്റിബോഡി ഉണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ഇതുവരെ വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ആന്റിബോഡികൾ കൊറോണ മൂലം രൂപപ്പെട്ടതാണ്. അതിനാൽ തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.’ – ഡോ. ജഗത് റാം കൂട്ടിച്ചേർത്തു.

എന്നാൽ മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആർ ഡയറക്ടർ പറഞ്ഞു. ജനങ്ങൾ കൊറോണ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ടാം തരംഗത്തിൽ കുട്ടികൾ കൊറോണ ബാധിതരാകുന്നത് വർധിച്ചിട്ടുണ്ട്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഒന്നു മുതൽ 10 വയസുവരെയുള്ള കുട്ടികളിൽ രോഗികളുടെ ശതമാനം വർധിച്ചു. മാർച്ചിലെ 2.8 ശതമാനത്തിൽ നിന്ന് ഓഗസ്റ്റായപ്പോൾ ഇത് 7.04 ശതമാനമായാണ് വർധിച്ചത്. നൂറ് രോഗികളിൽ 7 പേർ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാൽ മതിയെന്ന നിർദേശം ഉന്നതാധികാര സമതി മുന്നോട്ടുവയ്ക്കുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *