തിരുവനന്തപുരം : കോട്ടണ്‍ഹില്‍ സ്കൂളില്‍ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ട് പോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ് ഐ ക്കും അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സന്, 2021 ഏപ്രില്‍ 22 ന് താന്‍ നേരിട്ട അപമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ് ഐ യും ഒരു പോലീസുകാരനും ചേര്‍ന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.