ന്യൂഡല്‍ഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും കോവിഡ് വൈറസ് ആന്റിബോഡികള്‍ വികസിപ്പിച്ചതായി കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ജൂണ്‍ അവസാനവും ജൂലൈ ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലന്‍സ് പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
79 ശതമാനം ആന്റിബോഡികളുമായി മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. 44.4 ശതമാനവുമായി കേരളം ഏറ്റവും പിന്നിലാണ്. അസമില്‍ 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസിഎംആര്‍ നടത്തിയ ദേശീയ സെറോ സര്‍വേയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെയാണ് പുറത്ത് വിട്ടത്.
ദേശീയ തലത്തില്‍ കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ നടത്തിയത്. ഐസിഎംആറുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തമായി പഠനങ്ങള്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
രാജസ്ഥാനില്‍ 76.2 ശതമാനം, ബീഹാറില്‍ 75.9 ശതമാനം, ഗുജറാത്തില്‍ 75.3 ശതമാനം, ഛത്തീസ്ഗഡില്‍ 74.6 ശതമാനം, ഉത്തരാഖണ്ഡില്‍ 73.1 ശതമാനം, ഉത്തര്‍പ്രദേശില്‍ 71 ശതമാനം, ആന്ധ്രയില്‍ 70.2 ശതമാനം, കര്‍ണാടകയില്‍ 69.8 ശതമാനം, തമിഴ്‌നാട്ടില്‍ 69.2 ശതമാനം , ഒഡീഷയില്‍ 68.1 ശശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.