തമിഴ്നാട്ടിലെ മധുരയില്‍ ബിജെപി നേതാവ് കുത്തേറ്റുമരിച്ചു.
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ ബിജെപി നേതാവ് കുത്തേറ്റുമരിച്ചു. ബിജെപിയുടെ ഒബിസി വിഭാഗം മധുര ജില്ലാ സെക്രട്ടറിയായ ശക്തിവേല്‍ (35) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ആറോടെ വല്ലനാഥപുരത്തെ വീട്ടില്‍നിന്ന് സങ്കുനഗറിലെ ഗോഡൗണിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തിനുനേരെ ആക്രമണമുണ്ടായത്.
ശക്തിവേലിനെ പിന്തുടർന്നെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നെന്നാണ് സാക്ഷിമൊഴി. മൃതദേഹം പിന്നീട് രാജാജി സർക്കാർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്കുവാഹനം വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.