സാമ്ബാറിന് ഇത്തിരി ജീരകം അരക്കണമെങ്കില്‍ പൊന്നുംവില കൊടുക്കണം മലയാളിക്ക്.
കോഴിക്കോട്: സാമ്ബാറിന് ഇത്തിരി ജീരകം അരക്കണമെങ്കില്‍ പൊന്നുംവില കൊടുക്കണം മലയാളിക്ക്. മൂന്നുമാസം മുമ്ബത്തെ വില ഇരട്ടിയായി വര്‍ധിച്ചാണ് ജീരകം (ചെറിയ ജീരകം) ഞെട്ടിക്കുന്നത്.
ചില്ലറ വിപണിയില്‍ ജീരകം വില കിലോക്ക് 800 രൂപയായാണ് ഉയര്‍ന്നത്.
മൂന്നുമാസം മുമ്ബ് ഇത് 400 രൂപയായിരുന്നു. ഇതിനു പുറമെ ചെറുധാന്യങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ വിള നശിച്ചതിനാല്‍ വരവു കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വലിയങ്ങാടിയിലെ വ്യാപാരികള്‍ പറഞ്ഞു. അടുത്ത ജനുവരിയില്‍ വിളവെടുപ്പ് സീസണ്‍ വരെ വിലക്കയറ്റം തുടരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
ദാഹശമനി, മധുര പലഹാരങ്ങള്‍, ഔഷധങ്ങള്‍, കറികള്‍ എന്നിവക്ക് ഉപയോഗിക്കുന്ന ജീരകത്തിന് ദൈനംദിന ആവശ്യവും കൂടുതലാണ്. പെരുംജീരകത്തിന് 400 രൂപയാണ് പൊതുവിപണയിലെ വില. മൊത്ത വിപണിയില്‍ 350ഉം. മുൻകാലങ്ങളില്‍ ആളുകള്‍ അധികം ഉപയോഗിക്കാതെ ഒഴിവാക്കിയിരുന്ന ചെറുധാന്യങ്ങള്‍ ട്രെന്‍റ് ആയി മാറിയതോടെ അവക്കും വില കുതിച്ചുയരുകയാണ്.
തിന- 62, ചാമ-100, നവര- 65, കമ്ബം-110, മുത്താറി-45 എന്നിങ്ങനെയാണ് വിപണിയിലെ വില. പൊതുമാര്‍ക്കറ്റില്‍ വില വീണ്ടും കൂടും. വെളുത്തുള്ളി വില 200 ആയും ചെറിയ ഉള്ളിക്ക് 100-110 ആയും വര്‍ധിച്ചിട്ടുണ്ട്.