‘മുഹമ്മദ് നബിയുടെ പേരില്‍ സിനിമ പിടിക്ക്, അപ്പോള്‍ കാണാം’; ജയിംസ് പനവേലിലിന്റെ പ്രസംഗം പങ്കുവെച്ച ജീത്തു ജോസഫിനെതിരെ വിദ്വേഷ പ്രചരണം

August 26, 2021
230
Views

നാദിര്‍ഷയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈശോ എന്ന സിനിമ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ക്രൈസ്തവരുടെ ദൈവമായ യേശുക്രിസ്തുവിനെ ചിത്രത്തിന്റെ പേരിലേക്ക് കൊണ്ടുവന്ന് അപമാനിക്കുകയാണ് എന്നായിരുന്നു ഒരു വിഭാഗം വിമര്‍ശിച്ചത്.

ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ക്രൈസ്തവസഭയ്ക്കുള്ളില്‍ നിന്ന് തന്നെ നിരവധി പ്രതികരണങ്ങള്‍ പുറത്തുവന്നു. സിനിമാരംത്ത് നിന്നുള്ളവരും സിനിമയെ പിന്തുണച്ചും വിവാദങ്ങളെ തള്ളിക്കളഞ്ഞും രംഗത്തെത്തിയിരുന്നു.

ഇതിനിടെ ക്രിസ്ത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച സംവിധായകന്‍ ജിത്തു ജോസഫിന്റെ പോസ്റ്റിന് താഴെയും വലിയ വിദ്വേഷപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.

സിനിമയ്ക്കെതിരായ വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് വൈദികന്റെ പ്രസംഗം. നേരത്തേ ആമേന്‍, ഈ.മ.യൗ, ഹല്ലേലൂയ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോഴൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇപ്പോള്‍ വാളെടുത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു വൈദികന്റെ വിമര്‍ശനം.

ഇത് കാരണം സമൂഹമാധ്യമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘി എന്ന പേര് വീണുവെന്നും അത് സ്വഭാവം കൊണ്ടു കിട്ടിയ പേരാണെന്നും പണ്ടൊന്നും ഇങ്ങനെയായിരുന്നില്ലെന്നും ഫാ. ജയിംസ് പ്രസംഗത്തില്‍ പറയുന്നുണ്ട്.

ഈ പ്രസംഗം പങ്കുവെച്ചതിനാണ് ഇപ്പോള്‍ ജിത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആളുകള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ കമന്റ് ചെയ്തിരിക്കുന്നത്. ”മുഹമ്മദ് നബിയുടെ പേരില്‍ സിനിമ പിടിക്ക്. അപ്പോള്‍ കാണാം. മുസ്ലിം ദൈവങ്ങളെ എന്തുകൊണ്ടാണ് സിനിമയാക്കാത്തത്” എന്ന രീതിയിലായിരുന്നു ചില പ്രതികരണങ്ങള്‍.

”ഇതുപോലുള്ള രണ്ടാംകിട കോമാളി സിനിമകള്‍ക്ക് ഇടാന്‍ ഉള്ളതല്ല കര്‍ത്താവിന്റെ നാമം” എന്നായിരുന്നു ഒരാളുടെ കമന്റ്.

”ഇതുവരെ വാ തുറന്നാല്‍ സങ്കി എന്നായിരുന്നു ചര്‍ച്ചകാരുടെ വിമര്‍ശനം. ഇപ്പോള്‍ ക്രിസംഘി എന്നുകൂടെ. കമ്യൂണിസ്റ്റ് മാധ്യമങ്ങളുടെയും ഇസ്ലാമിക് ഫണ്ടിങ് കിട്ടുന്ന മാധ്യമങ്ങളുടെയും ചര്‍ച്ച അത്രേ ഉള്ളു വ്യത്യാസം,” എന്നായിരുന്നു മറ്റൊരു പ്രതികരണം.

ഫാ. ജയിംസ് പനവേല്‍ എഡിറ്ററായ മുഖപത്രത്തിന് നേരെയും വിമര്‍ശനമുണ്ടായി. ”ജിഹാദി സ്പോണ്‍സര്‍ഡ് സത്യദീപത്തിന്റെ എഡിറ്ററില്‍ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കണ്ടത്. ഉണ്ണുന്ന ചോറിനു അദ്ദേഹം നന്ദി കാട്ടുന്നു,” എന്നായിരുന്നു പ്രതികരണം.

അച്ഛന്‍ പ്രസംഗിക്കുന്നത് സുവിശേഷം അല്ല കവല പ്രസംഗമാണെന്നും വകബോധമില്ലാത്ത വൈദികനാണ് ഫാ. ജയിംസ് പനവേല്‍ എന്ന രീതിയില്‍ വെര്‍ബല്‍ അറ്റാക്കും കമന്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *