മിഗ്ജോം ആന്ധ്ര തീരം കയറി; ദക്ഷിണ ജില്ലകളില്‍ വ്യാപക നാശം

December 6, 2023
30
Views

ചെന്നൈ നഗരത്തിലടക്കം നാശംവിതച്ച മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ്, പെരുമഴയുടെ അകമ്ബടിയോടെ ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം തൊട്ടു.

അമരാവതി/ചെന്നൈ: ചെന്നൈ നഗരത്തിലടക്കം നാശംവിതച്ച മിഗ്ജോം ചുഴലിക്കൊടുങ്കാറ്റ്, പെരുമഴയുടെ അകമ്ബടിയോടെ ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം തൊട്ടു.

മുൻകരുതലായി ദക്ഷിണ ആന്ധ്രയില്‍ വ്യാപക ഒഴിപ്പിക്കല്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.30നും 2.30നും ഇടയില്‍, 90-100 കിലോമീറ്റര്‍ വേഗത്തില്‍ ബാപട്‍ല ജില്ലയില്‍ അടിച്ചുകയറിയ ചുഴലിയിലും മഴയിലും ആന്ധ്രയിലെ നെല്ലൂര്‍, പ്രകാശം ജില്ലകളും നിശ്ചലമായി. മേഖലയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടു.

അമ്ബതോളം വിമാനങ്ങള്‍ റദ്ദാക്കി. നൂറു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കാര്യമായ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വടക്കോട്ട് നീങ്ങി ചുഴലി ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണവിഭാഗം പറയുന്നത്. ചുഴലിയുടെ അവശേഷിക്കുന്ന ഭാഗം കടലിലേക്കു നീങ്ങുന്നുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മേഖലയില്‍ റോഡുകള്‍ തകരുകയും ജലാശയങ്ങള്‍ കരകവിയുകയും ചെയ്തിട്ടുണ്ട്. വൻ കൃഷിനാശവുമുണ്ടായി. ദുരന്തബാധിത ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഉന്നത ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ആന്ധ്രയില്‍ വിശാഖ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റും മഴയും വൻ നാശം വിതച്ചിട്ടുണ്ട്. ബാപട്‍ലയില്‍ 12 കമ്ബനി എൻ.ഡി.ആര്‍.എഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി വ്യാപക മഴ മുന്നറിയിപ്പുണ്ടായതിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയിലും ഒഡിഷയിലും ജാഗ്രത നിര്‍ദേശമുണ്ട്.

ഇതിനിടെ, ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ച ചെന്നൈ നഗരത്തെ മുക്കിയ മിന്നല്‍പ്രളയത്തില്‍ മരണം 12 ആയി. മഴ കുറഞ്ഞെങ്കിലും നഗരത്തില്‍ വൈദ്യുതി ബന്ധം വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ 80 ശതമാനവും പുനഃസ്ഥാപിച്ചതായി അധികൃതര്‍ പറയുന്നു. ഒഴുകിപ്പോകാൻ വഴിയില്ലാതെ നഗരത്തില്‍ കെട്ടിക്കിടക്കുന്ന പ്രളയജലം ഒഴിവാക്കാൻ എൻ.എല്‍.സി ഇന്ത്യ ലിമിറ്റഡിന്റെ പടുകൂറ്റൻ പമ്ബുസെറ്റുകള്‍ എത്തിച്ചിട്ടുണ്ട്. ചെന്നൈയുടെ പടിഞ്ഞാറൻ മേഖലയായ താംബരത്തെ കൃഷ്ണനഗറില്‍ ഒട്ടേറെ പേരെ ചൊവ്വാഴ്ചയും ഒഴിപ്പിച്ചു. അഡയാര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും റെയില്‍വേ ട്രാക്കുകളില്‍ വെള്ളം നില്‍ക്കുകയാണ്. ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെയോടെ പ്രവര്‍ത്തിച്ചുതുടങ്ങി.

2015ലെ പ്രളയകാലത്തേക്കാള്‍ കൂടുതല്‍ മഴ രണ്ടുദിവസംകൊണ്ട് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കുറ്റമറ്റ ഒഴിപ്പിക്കല്‍ പദ്ധതികള്‍ കാരണം നാശം കുറക്കാൻ സാധിച്ചുവെന്നും ഡി.എം.കെ നേതാവ് കനിമൊഴി എം.പി അവകാശപ്പെട്ടു.

മീൻപിടിത്ത ബോട്ടുകളും ട്രാക്ടറുകളും മറ്റും ഉപയോഗിച്ച്‌ നഗരത്തില്‍ ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്തു തുടങ്ങിയതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

പ്രളയക്കെടുതിയിലായ തമിഴ്നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കാൻ തയാറാകണമെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും രാജ്യെത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *