അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങള്‍ ഞായറാഴ്‌ച വൈകിട്ടോടെ സലാലയില്‍ അനുഭവപ്പെടുമെന്ന് ഒമാന്‍
മസ്കത്ത്: അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങള്‍ ഞായറാഴ്‌ച വൈകിട്ടോടെ സലാലയില്‍ അനുഭവപ്പെടുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സി.എ.എ നിര്‍ദേശിച്ചു.
ഇന്ത്യ നിര്‍ദ്ദേശിച്ച ‘തേജ്’ എന്നപേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ദോഫാര്‍ ഗവര്‍ണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് കാറ്റ് ഇപ്പോള്‍ നീങ്ങുകയാണ്. 330 കിലോമീറ്റര്‍ വിസ്ത്രിതിയില്‍ വീശുന്ന ചുഴലികാറ്റിന്റെ കേന്ദ്ര ഭാഗം സലാല തീരത്ത് നിന്ന് 700 കിലോമീറ്റര്‍ അകലെയാണുള്ളത്. എന്നാല്‍ മഴ മേഖങ്ങള്‍ 360 കിലോമീറ്റര്‍ അടുത്തെയിട്ടുണ്ട് .
ഞായറാഴ്‌ച വൈകിട്ടോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ അനുഭവപ്പെടും. ചൊവ്വാഴ്-ച രാവിലെയായിരിക്കും കേന്ദ്ര ഭാഗം തീരം തൊടുക. ദോഫാര്‍ ഗവര്‍ണറേറ്റിനും യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വിവിധ ഇടങ്ങളിലായി തിങ്കളാഴ്ച 200 മുതല്‍ 600 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കും. വാദികള്‍ കവിഞ്ഞൊഴുകും. 68 മുതല്‍ 125 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റടിക്കുക. തിരമാലകള്‍ നാല് മുതല്‍ ഏഴ് മീറ്റര്‍വരെ ഉയര്‍ന്നേക്കും. ചൊവ്വാഴ്‌ച രാവിലെ കരക്കെത്തുമ്ബോള്‍ കാറ്റിന്റെ വേഗത വീണ്ടും വര്‍ധിക്കാനാണ് സാധ്യതയെന്ന് സി.എ.എ മുന്നറിയിപ്പില്‍ പറയുന്നു.
തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഒക്ടോബര്‍ 13ന് അടിച്ച ലുബാന്‍ ചുഴലിക്കാറ്റും അതേ വര്‍ഷ മെയ് 24 ന് അടിച്ച മെകനു ചുഴലിക്കാറ്റും സലാലയുടെ പടിഞ്ഞാറ് ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.