ടെറ്റാനിക്ക് പര്യവേഷണത്തിനിടെ അപകടത്തില്‍പ്പെട്ട ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഉണ്ടെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ്.
വാഷിങ്ടണ്‍: ടെറ്റാനിക്ക് പര്യവേഷണത്തിനിടെ അപകടത്തില്‍പ്പെട്ട ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഉണ്ടെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ്.
സമുദ്രോപരിതലത്തില്‍ നിന്നും 3,658 മീറ്റര്‍ ആഴത്തിലാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രഭാഗത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. തകര്‍ന്ന ഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ സംബന്ധിച്ച് വിശദ പരിശോധനയുണ്ടാകുമെന്നും അതിലൂടെ ദുരന്തത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.
ദുരന്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകാൻ ഇനിയും സമയമെടുക്കും. കാരണം കണ്ടെത്തുന്നതിലൂടെ ദുരന്തം ഇനിയും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ കഴിയുമെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ചീഫ് ക്യാപ്റ്റൻ ജാസണ്‍ ന്യൂബര്‍ പറഞ്ഞു.
പേടകത്തില്‍ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ യു.എസിലെത്തിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഇത് പരിശോധിക്കും. ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തുന്ന മറൈൻ ബോര്‍ഡും പരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.