തൂക്കുകയര്‍ ഒഴിവാക്കുമോ? നിമിഷപ്രിയയുടെ അന്തിമവിധി ജനുവരിയില്‍ അറിയാം

December 28, 2021
297
Views

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്കു (33) ശിക്ഷയില്‍ ഇളവു ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീര്‍പ്പ് ജനുവരി 3ന് ഉണ്ടായേക്കും.

യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിയിലെ (ഹൈക്കോടതി) വാദം കേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയായി.

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അതു 3നു പറയണമെന്നാണു കോടതി നിര്‍ദേശമെന്നു നിമിഷപ്രിയയ്ക്കായി കേസിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന കൊച്ചിയിലെ എന്‍ആര്‍ഐ അഭിഭാഷകന്‍ കെ.എല്‍.ബാലചന്ദ്രന്‍ പറഞ്ഞു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ കേസില്‍ അറസ്റ്റിലായി. കീഴ്‌ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

ലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസിലാണ് വധശിക്ഷ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു.

Article Categories:
Kerala · Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *