ജോലി വാഗ്ദാനം ലഭിച്ച് ഖത്തറിലെത്തിയ മൂന്ന് ഇന്ത്യക്കാരെ സ്പോണ്സര് സൗദി മരുഭൂമിയില്‍ ഉപേക്ഷിച്ചു.
അല്‍ഖോബാര്‍: ജോലി വാഗ്ദാനം ലഭിച്ച് ഖത്തറിലെത്തിയ മൂന്ന് ഇന്ത്യക്കാരെ സ്പോണ്സര് സൗദി മരുഭൂമിയില്‍ ഉപേക്ഷിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് കുമാര്‍, ജിതേന്ദര്‍, ബിഹാര്‍ സ്വദേശി അക്തര്‍ ആലം എന്നിവരാണ് തട്ടിപ്പിനിരയായത്. ഖത്തര്‍ പൗരനായ തൊഴിലുടമക്ക് വേണ്ടി പാചകക്കാരൻ, ലേബര്‍, ഡ്രൈവര്‍ എന്നീ തൊഴില്‍ വിസകളിലാണ് ഇവര്‍ ദോഹ എയര്‍പോര്‍ട്ടില്‍ രണ്ടുമാസം മുമ്ബ് വിമാനമിറങ്ങിയത്. എന്നാല്‍ ഖത്തറില്‍ എത്തി രണ്ടാം ദിവസം സ്പോണ്സര് തെൻറ കാറില്‍ മൂവരെയും സൗദി അറേബ്യയിലെ നാരിയ പട്ടണത്തില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഒരു ആട് ഫാമില്‍ എത്തിക്കുകയും ആട്ടിടയന്മാരായി ജോലി ചെയ്യുവാൻ നിര്‍ബന്ധിക്കുകയും ചെയ്തു. സ്പോണ്‍സറുടെ പീഢന മുറകളും വധഭീഷണികളും കൊണ്ട് മാനസികമായി തളര്‍ന്ന ഇവര്‍ക്ക് ഭക്ഷിക്കാനായി പഴകിയ റൊട്ടിയും ആടുകള്‍ക്ക് നല്കുന്ന വെള്ളവുമാണ് നല്‍കിയത്.
പാസ്പോര്‍ട്ടും കരാര്‍ രേഖകളും മൊബൈല്‍ ഫോണുകളും ദോഹ എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ തന്നെ സ്പോണ്സര് കൈവശപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ മര്‍ദനത്താല്‍ ജീവല്‍ ഭയം നേരിട്ട ഇവര്‍ അവിടെ നിന്നും രക്ഷതേടി സൗദി കിഴക്കൻ പ്രവിശ്യാ പട്ടണമായ ജുബൈലിലേക്ക് എത്തിച്ചേര്‍ന്നു. ജുബൈലില്‍ എത്തിയപ്പോഴാണ് തങ്ങള്‍ സൗദി അറേബ്യയിലാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രം കൈവശമുള്ള ഇവര്‍ക്ക് ഇതുവരെ ജോലി ചെയ്തതിെൻറ ശമ്ബളം പോലും ലഭിച്ചിട്ടില്ല.
സംഭവം അറിഞ്ഞ ഉടനെ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ചാല്‍ എത്രയും വേഗം നാട്ടിലേക്ക് തിരിക്കണം എന്നാണ് മൂവരുടെയും ആഗ്രഹം. മൂന്നുപേരും ഒരു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഖത്തറില്‍ എത്തിയത്.