ഗൂഢാലോചന കേസ്: ശബ്ദ പരിശോധനയ്ക്ക് ദിലീപ് ഹാജരായി

February 8, 2022
83
Views

കൊച്ചി: നടി ആക്രമിക്കപെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. അനൂപിന്‍റെയും സുരാജിന്‍റെയും ശബ്ദ പരിശോധനയും നടക്കും. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.

ഇതിനിടെ മുൻകൂ‍ർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ ദിലീപ് നീക്കം തുടങ്ങി. ഇന്നോ നാളെയോ ആയി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വ്യക്തമാകുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കേസിൽ നടൻ ദിലീപിനും കൂട്ട് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾ തുടർ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.

അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ ഗൂഡാലോചന സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതികളുടെ പ്രേരണയുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തതായും തെളിയിക്കാനായില്ല. അതിനാൽ പ്രേരണ കുറ്റവും നിലനിൽക്കില്ല.

ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിചാരണക്കോടതിയില്‍ വച്ച് 2018 ജനുവരി 31 ന് ഭീഷണിപ്പെടുത്തിയെന്ന് പ്രോസകിക്യൂഷൻ പറയുന്നു. എന്നാൽ അന്ന് കേസ് നടന്നത് അങ്കമാലി കോടതിയിലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ലന്നും ഉത്തരവില്‍ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *