15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് നഗരസഭ

April 5, 2024
38
Views

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

നഗരസഭ പിടികൂടി സൂക്ഷിച്ചിരുന്ന നായ് ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വെറ്ററിനറി സർജൻ നടത്തിയ പരിശോധനയില്‍ പേവിഷ ബാധയുടെ ലക്ഷണമൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നായുടെ കടിയേറ്റ എല്ലാവരും ആന്റി റാബിസ് വാക്‌സിൻ തുടർ ഡോസുകള്‍ മുടക്കം കൂടാതെ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. എല്ലാവർക്കും ഒന്നാം ഡോസ് നല്‍കിയിരുന്നു.

അടിയന്തര സാഹചര്യം നേരിടുന്നതിന് നഗരസഭ ചെയർമാന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചേരും. നഗരസഭ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ കണ്ടെത്തി പേവിഷത്തിനെതിരായ കുത്തിവെപ്പ് നടത്തുമെന്ന് ചെയർമാൻ അറിയിച്ചു. ഇതുകൂടാതെ നഗരസഭ പ്രദേശത്തെ വളർത്തുനായ്ക്കള്‍ക്കും കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഓരോ ഉടമകളും ഉറപ്പുവരുത്തണമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *