രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ തൊഴിലാളികളുടെ അസാധാരണ സമരം.
ഉഡുപ്പി: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ തൊഴിലാളികളുടെ അസാധാരണ സമരം.
ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിത്തരഞ്ജൻ സര്‍ക്കിളില്‍ സമരം സംഘടിപ്പിച്ചത്. നിത്യാനന്ദ ഒളകാടു എന്നയാളാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
അടുത്തിടെ കര്‍ണാടക ബജറ്റില്‍ മദ്യത്തിന് 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഒന്നുകില്‍ വില കുറക്കുക, അല്ലെങ്കില്‍ രാവിലെയും വൈകീട്ടും 90 മില്ലി ലിറ്റര്‍ വീതം മദ്യം സൗജന്യമായി നല്‍കുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയില്‍ പൂജ ചെയ്താണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചാല്‍, മദ്യനിര്‍മാണശാലകള്‍ സമ്ബൂര്‍ണമായി നിരോധിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. അങ്ങനെയാണെങ്കില്‍ മദ്യപാനത്തിനായി ചെലവഴിക്കുന്ന തുക കുടുംബം പുലര്‍ത്തുന്നതിനും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം സുഗമമാക്കുന്നത് പോലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നും സമരക്കാര്‍ വാദിച്ചു.