ഡ്രോൺ ഉപയോഗിച്ച് നാനോ ലിക്വിഡ് യൂറിയ സ്പ്രേ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ

October 3, 2021
146
Views

ന്യൂ ഡെൽഹി: ഡ്രോൺ ഉപയോഗിച്ച് നാനോ ലിക്വിഡ് യൂറിയ സ്പ്രേ ചെയ്യുന്നതിനുള്ള പ്രായോഗിക ഫീൽഡ് ട്രയൽ നടത്തിയതായി കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്‌നഗറിലാണ് പരീക്ഷണം നടന്നത്. ഡ്രോണുപയോഗിച്ച് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും അവകാശപ്പെടുന്നു.

നാനോ യൂറിയ വികസിപ്പിച്ച ഇഫ്കോ (IFFCO), കേന്ദ്ര കെമിക്കൽ ആൻഡ് ഫെര്‍ട്ടിലൈസര്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫീൽഡ് ട്രയൽ നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. നാനോ യൂറിയയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും അത് വൻതോതിൽ ഉപയോഗിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രാലയം അവകാശപ്പെട്ടു. “നാനോ യൂറിയ വലിയ തോതിൽ ഉത്പാദിപ്പിക്കുക മാത്രമല്ല, കർഷകർ വലിയ തോതിൽ ഇത് സ്വീകരിക്കുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്” മന്ത്രി പറഞ്ഞു.

‘നാനോ യൂറിയയുടെ വൻതോതിലുള്ള ഉത്പാദനം ഈ വർഷം ജൂണിൽ ആരംഭിച്ചു. ഇതുവരെ ഞങ്ങൾ അമ്പതുലക്ഷത്തിലധികം കുപ്പി നാനോ യൂറിയ ഉത്പാദിപ്പിച്ചു. പ്രതിദിനം ഒരു ലക്ഷത്തിലധികം കുപ്പി നാനോ യൂറിയ ഉത്പാദിപ്പിക്കുന്നുണ്ടെ’ന്നും മന്ത്രി പറഞ്ഞു.

ഡ്രോൺ സ്പ്രേയുടെ ഫീൽഡ് ട്രയലുകളെക്കുറിച്ച് സംസാരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു, “രാസവളങ്ങളും കീടനാശിനികളും തളിക്കുന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. ഇത് തളിക്കുന്നവരുടെ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നത് ഈ ചോദ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കും.”

ലിക്വിഡ് നാനോ യൂറിയ പരമ്പരാഗത യൂറിയയ്ക്ക് ശക്തമായ ഒരു ബദലായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് സബ്സിഡിയിലുള്ള ഭാരം കുറയ്ക്കും. ഡ്രോണുകളിലൂടെ നാനോ യൂറിയ സ്പ്രേ ചെയ്യുന്നത് വിളകൾക്ക് കൂടുതൽ ഫലപ്രദമാണെന്നും ഉൽപാദനക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും ഐ എഫ് എഫ് സി ഒ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയെന്നും പറയുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *