ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഈ മാസം 22 ന് തുറന്നുകൊടുക്കും. ലോകത്തിന്റെ സാങ്കേതിക ഭാവി മുൻകൂട്ടി കാണാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് മ്യൂസിയം. പുറംചുമരുകളിൽ അറബിക് കാലിഗ്രാഫി ആലേഖനം ചെയ്തതടക്കം ഘടനയിലും നിർമാണത്തിലും ഏറെ പുതുമകളോടെയാണ് മ്യുസിയം ഒരുങ്ങുന്നത്.
ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തുറക്കുന്ന വിവരം പുറത്തുവിട്ടത്.
ലോകത്തെ മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി നാഷനൽ ജ്യോഗ്രാഫിക് 2021 ൽ തെരഞ്ഞെടുത്ത മ്യൂസിയം ഓഫ് ഫ്യൂചർ ദുബായുടെ രാജപാതെയന്നറിയപ്പെടുന്ന ഷെയ്ഖ് സായിദ് റോഡിനരുകിലായാണ് സ്ഥിതി ചെയ്യുന്നത്.
വർത്തമാനകാലത്തിരുന്ന് ഭാവിയുടെ ലോകം നേരിൽ കണ്ടനുഭവിക്കാനുളള അവസരമാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ ഒരുക്കുക. 30,000 ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിലാണ് എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റെ നേർക്കാഴ്ച ദുബായ് ഒരുക്കിയിരിക്കുന്നത്. പുറംചുമരുകളിൽ അറബിക് കാലിഗ്രാഫിയുടെ മനോഹാരിതയും കാണാനാവും. ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമായിരിക്കും ഫ്യൂച്ചർ മ്യൂസിയം