കണ്ണൂർ: ആർ.ടി. ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവർക്കാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നൽകിയത്.
അതിനിടെ, ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷൻ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആർ.സി. ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്ളോഗർമാരായ എബിനും ലിബിനും കണ്ണൂർ ആർ.ടി. ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ ‘നെപ്പോളിയൻ’ എന്ന പേരിലുള്ള ടെംപോ ട്രാവലർ കാരവൻ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഇതിനുപിന്നാലെ ആർ.ടി. ഓഫീസിൽ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഓഫീസിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. മാത്രമല്ല, ഓഫീസിൽനിന്ന് ഫെയ്സ്ബുക്ക് ലൈവും ചെയ്തു. ഇത് കണ്ട് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.
ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.