കൊറോണ പ്രോട്ടോകൾ പാലിക്കാതെ സിനിമാ ചിത്രീകരണം: ശിവകാര്‍ത്തികേയന്‍ ചിത്രത്തിനെതിരെ കേസ്

August 10, 2021
168
Views

പൊള്ളാച്ചി: ആനമലയിൽ കൊറോണ പ്രോട്ടോകൾ പാലിക്കാതെ സിനിമാ ചിത്രീകരണം നടത്തിയവർക്കെതിരേ കേസ്. തമിഴ്നടൻ ശിവകാർത്തികേയന്റെ ഡോൺ എന്ന സിനിമയാണ് ആനമല മുക്കോണം പാലം ഭാഗത്ത് ചിത്രീകരണം നടന്നിരുന്നത്. സിനിമാ ചിത്രീകരണം നിർത്തിച്ചു.

സിനിമ ഷൂട്ടിംഗ് എന്ന വിവരമറിഞ്ഞ് സമീപവാസികൾ ശിവകാർത്തികേയനെ കാണാൻ തടിച്ചുകൂടി. കൂടാതെ, പാലത്തിനരികിൽ സിനിമാസംഘത്തിന്റെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഇത് ഗതാഗത തടസ്സവുമുണ്ടാക്കി. ഏകദേശം അഞ്ഞൂറിലധികം പേർ തടിച്ചുകൂടി. അധികംപേരും സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമായിരുന്നു വന്നത്. വാഹനഗതാഗതം സ്തംഭിച്ചതിനാൽ സ്ഥലത്തെ ഓട്ടോക്കാരും ടാക്സിക്കാരും പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ പോലീസുകാരും തഹസിൽദാർ വിജയകുമാറും സിനിമാ ഷൂട്ടിങ് നിർത്തിവെക്കാൻ ആവശ്യപെട്ടു. പോലീസുകാർ നാട്ടുകാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

തഹസിൽദാരും പോലീസ് സംഘവും നടത്തിയ അന്വേഷണത്തിൽ സിനിമാ ചിത്രീകരണത്തിന് അനുവാദം വാങ്ങിയിരുന്നില്ല എന്നുകണ്ടെത്തി. കൂടാതെ, പോലീസിനോ റവന്യൂവകുപ്പിനോ യാതൊരറിവുമുണ്ടായിരുന്നില്ല. തുടർന്ന്, തഹസിൽദാർ 19,400 രൂപ പിഴചുമത്തി.

കൊറോണ പ്രോട്ടോകോൾ പാലിക്കാത്തതിനും നിയമാനുസൃതമല്ലാതെ സിനിമാചിത്രീകരണം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമുള്ള വകുപ്പുകൾപ്രകാരം സിനിമാ സംവിധായകൻ സിബി ചക്രവർത്തിയടക്കം 30 പേർക്കെതിരേ ആനമല പോലീസും കേസെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *