ഹജ്ജ് കര്‍മങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിനായി അറഫാ മൈതാനത്ത് ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ സംഗമിച്ചു.
റിയാദ്: ഹജ്ജ് കര്‍മങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിനായി അറഫാ മൈതാനത്ത് ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ സംഗമിച്ചു.
മിനായില്‍ നിന്ന് തിങ്കളാഴ്ച രാത്രി മുതല്‍ തന്നെ തീര്‍ഥാടകര്‍ അറഫയിലേക്കു പ്രവഹിച്ചു തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ തീര്‍ഥാടകര്‍ പൂര്‍ണമായും അറഫയില്‍ സമ്മേളിച്ചു.
ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫാ സംഗമം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 25 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനെത്തിയത്. സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനായ ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദാണ് അറഫാ ദിന സന്ദേശം നല്‍കിയത്. മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് ഖുത്വുബയുടെ വിവര്‍ത്തനം നല്‍കിയിരുന്നു. ഇന്നലെ സൂര്യാസ്തമനം വരെ പ്രാര്‍ഥനകളില്‍ കഴിഞ്ഞ തീര്‍ഥാടകര്‍ രാത്രി ഹജ്ജിന്റെ അടുത്ത ഘട്ടമായി മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നീങ്ങി. മുസ്ദലിഫയില്‍ വിശ്രമിക്കുന്ന ഹാജിമാര്‍ ഇന്നു രാവിലെ മിനായിലെത്തി ജംറയിലെ കല്ലേറ് ആരംഭിക്കും. തുടര്‍ന്ന് ബലി കര്‍മ്മം പൂര്‍ത്തിയാക്കിയാണ് മടങ്ങുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍.