മിസോറാമിലും ഛത്തീസ്ഗഢിലും ഇന്ന് വോട്ടെടുപ്പ്

November 7, 2023
34
Views

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച്‌ മിസോറാമിലും ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ടത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച്‌ മിസോറാമിലും ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ടത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

വോട്ടെടുപ്പ് ദിനത്തില്‍ സുരക്ഷ ഉറപ്പാക്കാൻ മിസോറാമില്‍ മ്യാൻമര്‍,ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തി അടച്ചു.

ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍ 40,78, 681 വോട്ടര്‍മാര്‍ 223 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ്. വിദൂര കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പിന് പോളിംഗ് സംഘങ്ങള്‍ ഹെലികോപ്‌റ്ററുകളിലാണ് എത്തിയത്. ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് 17ന് നടക്കും.

40 സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്ന മിസോറാമില്‍ ആകെയുള്ള 1,276 പോളിംഗ് സ്റ്റേഷനുകളില്‍ 149 എണ്ണം അതിര്‍ത്തി മേഖലകളിലാണ്. 30 പോളിംഗ് സ്റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടര്‍മാര്‍ 174 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. ഭരണകക്ഷിയായ എം.എൻ.എഫ്,മുഖ്യ പ്രതിപക്ഷമായ ഇസഡ്.പി.എം,കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. മലനിരകളില്‍ താമസിക്കുന്ന7,000-ത്തിലധികം ആളുകള്‍ വീട്ടിലിരുന്ന് വോട്ടു ചെയ്യും. ഇവര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ തപാല്‍ വഴി അയച്ചു.

മത്സരിക്കുന്ന പ്രമുഖര്‍:

ഛത്തീസ്ഗഢ്: പി.സി.സി അദ്ധ്യക്ഷനും എംപിയുമായ ദീപക് ബൈജ്,മന്ത്രിമാരായ കവാസി ലഖ്,മോഹൻ മര്‍കം,മുഹമ്മദ് അക്ബര്‍,ഛവീന്ദ്ര കര്‍മ്മ,ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രി രമണ്‍ സിംഗ്,മുൻ സംസ്ഥാന മന്ത്രിമാരായ കേദാര്‍ കശ്യപ്,ലതാ ഉസെന്ദി,വിക്രം ഉസെന്ദി,മഹേഷ് ഗഗ്‌ദ,മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ നീലകണ്ഠ് ടേക്കം,ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷൻ കോമള്‍ ഹുപേണ്ടി,കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മത്സരിക്കുന്ന എം.എല്‍.എ അനുപ് നാഗ്

മിസോറാം: മിസോ നാഷണല്‍ ഫ്രണ്ട് (എം.എൻ.എഫ്) തലവനും മുഖ്യമന്ത്രിയുമായ സോറംതംഗ(ഐസ്വാള്‍ ഈസ്റ്റ്-ഒന്ന്),പി.സി.സി അദ്ധ്യക്ഷൻ ലാല്‍സ്വത(ഐസ്വാള്‍ വെസ്റ്റ്-3),സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് തലവൻ ലാല്‍ദുഹോമ(സെര്‍ച്ചിപ്പ്),ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വൻലാല്‍മുഖ (ദാമ്ബ),എം.എൻ.എഫ് നേതാവും ഉപമുഖ്യമന്ത്രിയുമായ തവൻലൂയ(തുയിച്ചാംഗ്).

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *