12 സംസ്ഥാനങ്ങളില്‍ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോണ്‍ഗ്രസ്

December 5, 2023
34
Views

അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂന്നായി ചുരുങ്ങി. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടി.

ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് നിലവില്‍ ബി.ജെ.പി ഭരിക്കുന്നത്. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തുകയും രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 12 ആയത്. ഇതിന് പുറമെ മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഉള്‍പ്പെട്ട മുന്നണിയാണ് ഭരിക്കുന്നത്.

കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബി.ആര്‍.എസിന്റെ ഹാട്രിക് വിജയം തടഞ്ഞാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയാണ് ഭരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ എ.എ.പിയുടെ പ്രാധാന്യം വര്‍ധിച്ചു. രണ്ട് സംസ്ഥാനങ്ങളില്‍ ഭരണമുള്ള നിലവില്‍ പ്രതിപക്ഷനിരയില്‍ രണ്ടാമത്തെ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന എ.എ.പി ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായെന്ന് എ.എ.പി നേതാവ് ജാസ്മിൻ ഷാ ട്വീറ്റ് ചെയ്തിരുന്നു.

ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.എം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എ.എ.പി എന്നിവയാണ് നിലവില്‍ ദേശീയ പാര്‍ട്ടികള്‍. സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *