യുഡിഎഫ് 9, എല്‍ഡിഎഫ് 7; കൊല്ലത്ത് ബിജെപിക്ക് അട്ടിമറി വിജയം

August 11, 2023
21
Views

സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം.

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് ഒമ്ബതും എല്‍ഡിഎഫ് ഏഴും വാര്‍ഡുകളില്‍ വിജയിച്ചു.

കൊല്ലത്ത് സിപിഎം സീറ്റില്‍ ബിജെപി അട്ടിമറി വിജയം നേടി.

എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണ്. ഏഴിക്കര, പള്ളിപ്പുറം പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് ഇടതുമുന്നണിക്ക് നഷ്ടമായത്.

കൊല്ലത്തും പാലക്കാടും എല്‍ഡിഎഫ് ഓരോ വാര്‍ഡ് പിടിച്ചെടുത്തു. തെന്മല ഒറ്റക്കല്‍ വാര്‍ഡും പാലക്കാട് പൂക്കോട്ടുകാവ് താനിക്കുന്ന് വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തെന്മല ഒറ്റക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ അനുപമ 34 വോട്ടിന് വിജയിച്ചു.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡില്‍ സിപിഎമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ മനോജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുകയായിരുന്നു.

തൃശൂര്‍ മാടക്കത്തറ താണിക്കുടം വാര്‍ഡില്‍ എല്‍ഡിഎഫിന് മിന്നും ജയം നേടി. സിപിഐയിലെ മിഥുൻ തിയ്യത്തുപറമ്ബിലാണ്‌ വിജയിച്ചത്‌. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ മുണ്ടേരി പഞ്ചായത്ത് താറ്റിയോട് വാര്‍ഡിലും ധര്‍മ്മടം പഞ്ചായത്തിലെ പരിക്കടവിലും എല്‍ഡിഎഫ് വിജയിച്ചു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ കോടമ്ബനാടി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിംഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ രേഷ്മ പ്രവീണ്‍ വിജയിച്ചു.

കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി എ എസ് രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കഴിഞ്ഞ തവണ ബിജെപിക്കെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

Article Categories:
Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *