തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 51,031 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയന്‍ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ. സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കില്‍ 78 പേര് ആണ്‍കുട്ടികളാണ്.
ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്ടില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്ബിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി.
ഇത്തവണ പരീക്ഷ എഴുതിയത് 73,977 വിദ്യാര്‍ത്ഥികളാണ് . 47,629 പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. കൊവിഡ് സാഹചര്യത്തില്‍ ഒരുപാട് പ്രത്യേകതകളോടെയാണ് ഇത്തവണ പരീക്ഷ നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.