മാലയുടെ മുത്തുകളല്ല, മാല തന്നെ മാറ്റി;ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ രുദ്രാക്ഷ മാല മോഷണം പോയതെന്ന് കണ്ടെത്തല്‍

September 2, 2021
293
Views

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. യഥാര്‍ത്ഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാല മോഷണം പോയത് തന്നെയാണെന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം വിജിലന്‍സിന്റെ ശുപാര്‍ശ.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാലയില്‍ 9 മുത്തുകള്‍ കാണാതായതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു പതിവായി ചാര്‍ത്തുന്ന മാലയിലെ തൂക്കവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. സമഗ്രമായ അന്വേഷണത്തിനൊടുവില്‍ 81 മുത്തുകളുള്ള പഴയ മാലയ്‌ക്ക് പകരം 72 മുത്തുകളുടെ മാല വെയ്‌ക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

ക്ഷേത്രത്തില്‍ നിന്നും പലതും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണം. വിശദമായ കണക്കെടുപ്പ് നടത്തി ദുരൂഹതകള്‍ നീക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *