കൊച്ചി: കോവാക്സിന് രാജ്യാന്തര അംഗീകാരമില്ലാത്തതിനാല്‍ സൗദി അറേബ്യയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി മൂന്നാം ഡോസായി കോവിഷീല്‍ഡ് വാക്സിന് നല്‍കാന്‍ അനുമതി തേടി ഹൈകോടതിയില്‍. കോവാക്സിന് രണ്ട് ഡോസെടുെത്തങ്കിലും സൗദിയില്‍ ഇത് അംഗീകരിക്കാത്തതാണെന്ന് കാട്ടി കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് കോവിഷീല്‍ഡ് കുത്തിവെപ്പിന് അനുമതി തേടി ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിെന്റ വിശദീകരണം തേടി.
ജനുവരിയില്‍ നാട്ടിലെത്തിയ ഹരജിക്കാരന്‍ ആഗസ്റ്റ് 30ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് കോവാക്സിന്‍ അവിടെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. രണ്ട് ഡോസ് എടുത്തുകഴിഞ്ഞതിനാല്‍ മൂന്നാമതൊരു ഡോസ് എടുക്കാന്‍ വ്യവസ്ഥയില്ല.
ഇൗ മാസംതന്നെ സൗദിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും കോവിഷീല്‍ഡ് ഒരുഡോസ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലെന്നത് പൊതുജനങ്ങളെ അറിയിക്കണമെന്നും രാജ്യാന്തര അംഗീകാരം നേടാന്‍ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.