ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണില്‍ 90,000 രൂപയുടെ ക്യാമറ ലെൻസ് ഓര്‍ഡര്‍ ചെയ്ത യുവാവിനു ലഭിച്ചതു കീൻവ വിത്തുകള്‍.
ന്യൂഡല്‍ഹി: ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണില്‍ 90,000 രൂപയുടെ ക്യാമറ ലെൻസ് ഓര്‍ഡര്‍ ചെയ്ത യുവാവിനു ലഭിച്ചതു കീൻവ വിത്തുകള്‍.
ഈ മാസം തുടക്കത്തില്‍ ആമസോണില്‍നിന്നു സിഗ്മ 24-70 ലെൻസ് ഓര്‍ഡര്‍ ചെയ്ത അരുണ്‍കുമാര്‍ മെഹര്‍ എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്.
ഈ മാസം ആറിനാണ് അരുണ്‍ കുമാറിന് ഓര്‍ഡര്‍ ചെയ്ത പാഴ്സല്‍ ലഭിക്കുന്നത്. തുറന്നുനോക്കിയപ്പോള്‍ ലെൻസിനു പകരം കീൻവ വിത്തുകളാണ് പാക്കറ്റിലുണ്ടായിരുന്നതെന്നാണ് ഇയാളുടെ വാദം.
ലെൻസ് പെട്ടിയില്‍ ലഭിച്ച കീൻവ വിത്തുകളുടെ ചിത്രം അരുണ്‍കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഈ പോസ്റ്റില്‍ ആമസോണിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിനെയും ടാഗ് ചെയ്തു. സംഭവം അന്വേഷിക്കുകയാണെന്നാണ് ആമസോണിന്‍റെ പ്രതികരണം. പണം തിരികെനല്‍കണമെന്ന് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടെങ്കിലും ആമസോണ്‍ പ്രതികരിച്ചിട്ടില്ല.
അരുണ്‍കുമാറിന്‍റെ കുറിപ്പ് ട്വിറ്ററില്‍ പ്രചരിച്ചതിനു പിന്നാലെ സമാന ആരോപണങ്ങളുമായി മറ്റുള്ളവരും രംഗത്തെത്തി. സ്പീക്കറിനു പകരം അരി ലഭിച്ചതിന്‍റെയും ഉപയോഗശൂന്യമായ മൊബൈല്‍ ഫോണ്‍ ലഭിച്ചതിന്‍റെയും വിവരങ്ങള്‍ അക്കൗണ്ട് ഉടമകള്‍ പങ്കുവച്ചു.
ആമസോണിലെ സെല്ലറായ അപ്പാരിയോയ്ക്കുനേരേയാണ് ആരോപണങ്ങള്‍ അധികവും. അപ്പാരിയോയുടെ സേവനം ഉപയോഗിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നതെന്നും ആരോപണങ്ങളുണ്ട്.