പോലീസ് ജീവിതം മുപ്പതാം വർഷത്തിലേയ്ക്ക്……
@
മുള്ളംകൊല്ലി വേലായുധനും കേരളാ പോലീസും…..
ഞാൻ പോലീസ് കുപ്പായത്തിൽ എത്തിയിട്ട് ഇന്ന് 29 വർഷം പൂർത്തിയാവുന്നു...
ഒപ്പമുള്ളവരേക്കാൾ ഒരു ദിവസം വൈകിയാണ് സാങ്കേതിക കാരണങ്ങളാൽ ഈയുള്ളവൻ ജോലിയിൽ പ്രവേശിച്ചത്.....
പല കാര്യങ്ങളിലും ഒരുപക്ഷേ ഇപ്പോളും വൈകിപ്പോകുന്നത് ഇതുകൊണ്ടാണോ എന്ന് നിങ്ങൾക്ക് തോന്നുണ്ടാവും
..
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പല ബാച്ചിലെ കുറേ ഏറെ പോലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് അനുഭവങ്ങൾ വായിച്ചത് കൊണ്ട്
ഞാൻ സ്വന്തം അനുഭവങ്ങൾ ഒന്നും പങ്കുവയ്ക്കുന്നില്ല…..
ഞാൻ പോലീസ് സർവ്വീസിൽ കയറിയ 1993 ൽ നിന്നും ഇന്നുവരെ നോക്കുമ്പോൾ പോലീസ് ഏറെ മാറിയിരിയ്ക്കുന്നു...
അതിലേറെ പൊതുജനങ്ങൾക്ക് പോലീസിനോടുള്ള മനോഭാവത്തിലും മാറ്റം വന്നിരിയ്ക്കുന്നു..
പോലീസ് കൂടുതൽ ജനപക്ഷത്തേയ്ക്ക് മാറിയപ്പോൾ ജനം പോലീസിനെ കൂടുതൽ ശത്രു പക്ഷത്തേക്ക് മാറ്റിയത് പോലെ...
2005 ൽ പുറത്തിറങ്ങി ഇന്നും ഏറെ പ്രേക്ഷകരുള്ള ഒരു സിനിമയാണ് മോഹൻലാൽ അഭിനയിച്ച ''നരൻ''.....
ഏറെ നന്മകൾ ഉള്ളപ്പോഴും ചില വീഴ്ച്ചകളുടെ പേരിൽ ഒരുപാട് പഴികേൾക്കേണ്ടി വന്ന മോഹൻലാലിന്റേ ''മുള്ളംകൊല്ലി വേലായുധൻ''.
അയാളുടെ വീഴ്ചകളേക്കാൾ ഉപരി ജനങ്ങളുടെ കാതിൽ എത്തിയത് അയാളുടെ ശത്രുക്കൾ പറഞ്ഞു പരത്തിയ കള്ളക്കഥകൾ ആയിരുന്നു...
ഇത് തിരിച്ചറിയാതിരുന്ന മുള്ളംകൊല്ലി നിവാസികൾ യഥാർഥത്തിൽ അവരുടെ സംരക്ഷകൻ ആയിരുന്ന വേലായുധന്റെ പതനത്തിനായി ആഗ്രഹിച്ചു....
ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചത് വേലായുധൻ ദുർബലനായാൽ മാത്രമേ തങ്ങൾക്ക് ''ഉഡായിപ്പ്'' നടത്തുവാൻ സാധിയ്ക്കയുള്ളു എന്ന് അറിയാമായിരുന്ന മറ്റ് ചിലർ ആയിരുന്നു....
കാരണം അവരുടെ ഒരു കൊള്ളരുതായ്മയും വേലായുധൻ വച്ചു പൊറുപ്പിച്ചിരുന്നില്ല...
പക്ഷേ അവർ ഒരുക്കിയ കെണിയിൽ, കാര്യങ്ങൾ മനസ്സിലാകാത്ത നാട്ടുകാരുടെ പിൻതുണയിൽ വേലായുധൻ വീണു...
എന്നിട്ടോ....???
ഗുണ്ടകളും പിടിച്ചുപറിക്കാരും അരങ്ങു തകർത്തു....
സ്ത്രീകളുടെ മാനം പോയി....
കുറേപ്പേരുടെ ജീവനും പോയി....
നാട് കുട്ടിച്ചോറായി….
പക്ഷേ സിനിമ ആയതുകൊണ്ടും, നായകൻ മോഹൻലാൽ ആയതുകൊണ്ടും അവസാനം മുള്ളംകൊള്ളിയെ രക്ഷിയ്ക്കാൻ വേലായുധൻ ശക്തനായി തിരിച്ചുവന്നു....
എന്നാൽ സിനിമയല്ല ജീവിതം…
പോലീസ് നിർവീര്യമാകേണ്ടത് നാട്ടിലെ ഉഡായിപ്പുകളുടെ ആവശ്യമാണ്...
ചാലക്കുടി DySP ശ്രീ സന്തോഷ് സാറിന്റെ നേതൃത്ത്വത്തിൽ ഇന്നലെ 460 കിലോ അടക്കം ഈ മാസം പിടിച്ചത് 700 കിലോ കഞ്ചാവാണ്..
ഇത് ഒരു കേസ്...
ചെറുതും വലുതുമായി എത്ര...
വാഹന പരിശോധന പോലീസ് അവസാനിപ്പിയ്ക്കേണ്ടത് ഇത്തരത്തിൽ മണ്ണും, പെണ്ണും, മദ്യവും, മയക്കുമരുന്നും കടത്തുന്നവരുടെ ആവശ്യമാണ്....
പോലീസിനെ പേടിയില്ലാതായാൽ തിരുവനതപുരത്തെപോലെ ഗുണ്ടകൾ ഇനിയും വെട്ടിയെടുത്ത കയ്യും കാലുമായി ഡാൻസ് ചെയ്യും....
പെൺകുട്ടികളോടും, കുടുംബവും ആയി പോകുന്നവരോടും പരസ്യമായി പൊതുനിരത്തിൽ പോലും അപമര്യാദയായി പെരുമാറിയേക്കാം....
പോലീസ് നിർവീര്യമായാൽ കാശുള്ളവർക്കും അധികാരമുള്ളവർക്കും വേണ്ടി മാത്രം എന്തും ചെയ്യാൻ മടിയില്ലാത്ത ഗുണ്ടാസംഘങ്ങൾ പെരുകിയേക്കാം...
പോലീസിന്റെ വീഴ്ച്ചകൾ മാത്രം കാണുന്ന, അത് മാത്രം പെരുപ്പിച്ച് പാരമ്പരയാക്കുന്ന മാധ്യമങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു....
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗവും വർഗ്ഗീയതയും കൂടിവരുന്ന വർത്തമാന കാലത്തിൽ പോലീസ് സംവിധാനം ശക്തമായി നിലനിൽക്കേണ്ടത് നാടിന് അത്യാവശ്യമാണ്……..
പല ഉത്തരേന്ത്യൻ നഗരങ്ങളിലെയും പോലെ അല്ല കേരളത്തിലെ ക്രമസമാധാനം എന്നത് ഇന്നും പോലീസ് സംവിധാനത്തിന്റെ കരുത്താണ്....
ആ കരുത്താണ് ജനത്തിന്റെ സുരക്ഷയും സമാധാനവും.....
കേരളം ഒരു മുള്ളംകൊല്ലി ആവില്ല എന്ന പ്രതീക്ഷയിൽ കേരളാ പോലീസിനൊപ്പം ഈയുള്ളവൻ മുപ്പതാം വർഷത്തിലേയ്ക്ക്......