കാറിനുള്ളിൽ മാസ്ക് നിർബന്ധമാക്കിയ ഡെൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധം; പുനഃപരിശോധിക്കണം: ഡെൽഹി ഹൈക്കോടതി

February 2, 2022
121
Views

ന്യൂ ഡെൽഹി: കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കിയ ഡെൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡെൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി ചോദിച്ചു.

ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡെൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റയോട് ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

‘ദയവായി നിർദേശങ്ങൾ സ്വീകരിക്കുക. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് ? യഥാർത്ഥത്തിൽ അത് അസംബന്ധമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങൾ മാസ്ക് ധരിക്കേണ്ടതുണ്ടോ?’ – കോടതി ചോദിച്ചു. കൊറോണയുടെ മാറിയ സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയ മറ്റുനിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കാറിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചതാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് മുമ്പിൽ ശരിവെച്ച ഉത്തരവിനെതിരെ അപ്പീൽ വന്നിരുന്നെങ്കിൽ ഇത് പൊളിച്ചെഴുതുമായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *