നിയമലംഘനം അതിരുകടന്നു; അക്കമിട്ടുനിരത്തി ആര്‍ ടി ഒയുടെ കുറ്റപത്രം; ഇ ബുള്‍ ജെറ്റ് വാഹനം ഇനി കോടതിയുടെ കീഴില്‍

August 11, 2021
358
Views

നിയമലംഘനം അതിരുകടന്നു, അക്കമിട്ടുനിരത്തി ആര്‍ ടി ഒയുടെ കുറ്റപത്രം. ഇ ബുള്‍ ജെറ്റ് വാഹനം ഇനി കോടതിയുടെ കീഴില്‍. ആര്‍ ടി ഒ ഓഫിസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരായ ജെബിനും സെബിനുമെതിരെ ആര്‍ ടി ഒ കുറ്റപത്രം തയാറാക്കി.

ഇവര്‍ ഉപയോഗിക്കുന്ന വാഹനം അപകടം വരുത്തിവെക്കുന്ന രീതിയില്‍ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പ്രധാനമായും വ്യക്തമാക്കുന്നത്. വാഹനത്തില്‍ നിയമവിരുദ്ധമായി ലൈറ്റ്, ഹോണ്‍, സൈറണ്‍ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വാഹനത്തിന് നികുതിയും അടച്ചിട്ടില്ല. വാഹനത്തില്‍ ബീകെണ്‍ ലൈറ്റ് ഘടിപ്പിച്ചു, സൈറണ്‍ ഘടിപ്പിച്ചു, പൊതുജനങ്ങള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച്‌ യാത്ര നടത്തുകയും ചെയ്തു, എല്‍ ഇ ഡി ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ആര്‍ ടി ഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

1988-ലെ മോടോര്‍ വാഹന നിയമവും, കേരള മോടോര്‍ നികുതി നിയമവും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും ആര്‍ ടി ഒ കുറ്റപത്രം സമര്‍പിക്കുക. ഇതോടെ ഇ ബുള്‍ ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും.

നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. നികുതി അടക്കുന്നതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വീഴ്ച വരുത്തി. വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുള്‍പെടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അതേമസമയം ഇവരുടെ വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ വീട്ടില്‍ മോടോര്‍ വാഹന വകുപ്പ് നോടിസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോടിസിന് മറുപടി നല്‍കണമെന്നാണ് ആവശ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *