പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി പ്രമുഖ വ്യവസായി എം.എ.
യൂസഫലി
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി പ്രമുഖ വ്യവസായി എം.എ.
യൂസഫലി നിര്‍മ്മിച്ചുനല്‍കുന്ന മൂന്നു നില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു. ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ യൂസഫലിയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.
മാതാപിതാക്കളെ സ്നേഹിക്കണം, സംരക്ഷിക്കണം എന്നാണ് എല്ലാ മതഗ്രന്ഥങ്ങളും വ്യക്തമാക്കുന്നതെന്ന് യൂസഫലി പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ അച്ഛനമ്മമാരെ നിര്‍ദ്ദാക്ഷണ്യം ഉപേക്ഷിച്ചുകളയുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. 016 ആഗസ്തിലാണ് താൻ ആദ്യമായി ഗാന്ധിഭവൻ സന്ദര്‍ശിക്കുന്നത്. അന്ന് ഇവിടത്തെ അമ്മമാരുമായി സംസാരിച്ചപ്പോള്‍ മനസ് വല്ലാതെ വേദനിച്ചു. അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല.ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. ഒറ്റപ്പെട്ടുപോകുന്നവര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്റനാഷണല്‍ കമ്മ്യൂണിക്കേഷൻ മാനേജര്‍ വി. നന്ദകുമാര്‍, ചീഫ് എൻജിനീയര്‍ ബാബു വര്‍ഗ്ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തില്‍, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഢാനന്ദൻ, മീഡിയ കോഓര്‍ഡിനേറ്റര്‍ എൻ.ബി. സ്വരാജ്, ഗാന്ധിഭവൻ വൈസ് ചെയര്മാൻ പി.എസ്. അമല്‍രാജ് എന്നിവരും പങ്കെടുത്തു. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്ക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നശേഷമാണ് യൂസഫലി മടങ്ങിയത്.
അത്യാധുനിക സൗകര്യങ്ങള്‍
ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കാൻ 15 കോടിയിലധികം മുടക്കി യൂസഫലി നിര്‍മ്മിച്ചുനല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്താണ് പുതിയ കെട്ടിടം ഉയരുന്നത്. മുന്നൂറോളം അന്തേവാസികള്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കാൻ സംവിധാനങ്ങളൊരുക്കുന്ന കെട്ടിടം പൂര്‍ത്തിയാകുമ്ബോള്‍ 20 കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മന്ദിരത്തിന്റെ ഏറ്റവും മുകളില്‍ 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാ ഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷ സംവിധാനങ്ങള്‍, പ്രത്യേക പരിചരണവിഭാഗങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, ആധുനിക ശൗചാലയ ബ്ലോക്കുകള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, ഓഫീസുകള്‍, കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ അടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സമ്മാനിക്കുമെന്ന് യൂസഫലി പറഞ്ഞു.
7 ഏക്കര്‍ വസ്തു വാങ്ങും
കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത് കൂടാതെ ഏഴു വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി എട്ടു കോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. ഗാന്ധിഭവനിലെയും കേരളത്തിലുടനീളമുള്ള ഇരുപത് ശാഖകളിലെയും അന്തേവാസികള്‍ക്ക് അന്നദാനത്തിനു പുറമെ, പുതിയ മന്ദിരത്തോട് ചേര്‍ന്ന് ഏഴ് ഏക്കറിലധികം വസ്തു വാങ്ങാനാണ് ഈ തുക ചെലവിട്ടതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂര്‍ സോമരാജൻ പറഞ്ഞു. ഗാന്ധിഭവനിലെ സ്ഥലപരിമിതിക്ക് ഇതോടെ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.