മോഷണശ്രമത്തിനിടെ വിദ്യാര്‍ത്ഥിനിയുടെ മരണം

October 31, 2023
46
Views

മോഷണ ശ്രമത്തിനിടെ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശ് മസൂര്‍ സ്വദേശിയായ ജിതേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇരുപത്തിയെട്ടുകാരനായ ജിതേന്ദ്ര നിരവധി പൊലീസ് കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ വാഹനം തടഞ്ഞ് പൊലീസ് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പൊലീസിനെ ആക്രമിച്ചത്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഗാസിയാബാദ് റൂറല്‍ ഡിസിപി വിവേക് യാദവ് വിശദമാക്കി.

ബിടെക് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മറ്റൊരു പ്രതിയായ ബല്‍ബീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജിതേന്ദ്രക്കുവേണ്ടിയുള്ള തെരച്ചിലും പൊലീസ് ആരംഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടുകൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജിതേന്ദ്രയെയും മറ്റൊരു സുഹൃത്തിനെയും പൊലീസ് കണ്ടെത്തി. വണ്ടി നിര്‍ത്താൻ ഇവരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും വണ്ടി തിരിച്ച്‌ രക്ഷപെടാൻ ശ്രമിച്ചു. തൊട്ടുപിന്നാലെ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ പൊലീസും തിരിച്ചടിച്ചു.

ഏറ്റുമുട്ടലില്‍ കാലിന് വെടിയേറ്റ് റോഡില്‍വീണ ജീതേന്ദ്രയെ പോലീസ് കീഴ്‌പ്പെടുത്തി. വെടിയേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു എസ്‌ഐക്കും പരിക്കേറ്റു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസിയാബാദില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ എബിഇഎസ് എന്‍ജിനീയറിങ് കോളേജിലെ ബിടെക്ക് വിദ്യാര്‍ഥിനിയായ കീര്‍ത്തി സിങ്ങിന് ഗുരുതരമായി പരിക്കേറ്റത്. ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന കീര്‍ത്തിയില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന കീര്‍ത്തിയെ ബൈക്കിലെത്തിയ പ്രതികള്‍ പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഗാസിയാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ഇതോടെ കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റവും ചുമത്തിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *