ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി: ഗൂഗിളിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

January 8, 2022
266
Views

ന്യൂഡെൽഹി: ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഗൂഗിളിനെതിരെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കോമ്പറ്റീഷൻ നിയമത്തിലെ സെക്ഷൻ 26(1) ന് കീഴിൽ ഈ വിഷയം പരിഗണിച്ച് അന്വേഷിക്കണമെന്നും 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് ജനുവരി ഏഴിന് പുറത്തിറക്കിയ അന്വേഷണ ഉത്തരവിൽ കമ്മീഷൻ ഡയറക്ടർ ജനറലിന് നൽകിയിരിക്കുന്ന നിർദേശം.

പ്രഥമദൃഷ്ട്യ കോമ്പറ്റീഷൻ നിയമത്തിലെ സെക്ഷൻ 4(2) ലെ വ്യവസ്ഥകൾ ഗൂഗിൾ ലംഘിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇത് കൂടാതെ സെക്ഷൻ 4(2)(ബി)(ii), സെക്ഷൻ 4(2)(സി) എന്നിവയുടെയും ലംഘനങ്ങൾ ഗൂഗിൾ നടത്തുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങൾ ഡിജി അന്വേഷണിക്കും.

ആൽഫബെറ്റ്, ഗൂഗിൾ എൽഎൽസി, ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിൾ അയർലണ്ട് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ഡിഎൻപിഎ പരാതി നൽകിയിരിക്കുന്നത്.

വാർത്താ വെബ്സൈറ്റുകളിലേക്കുള്ള 50 ശതമാനം ട്രാഫിക്കും എത്തുന്നത് ഗൂഗിളിലൂടെയാണ്. ഈ രംഗത്തെ പ്രബലരായതിനാൽ തന്നെ ഗൂഗിളിന്റെ അൽഗൊരിതങ്ങളാണ് ഏത് വാർത്തകൾ സെർച്ചിൽ വരണം എന്ന് തീരുമാനിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ നിർമിക്കുന്ന ഉള്ളടക്കങ്ങളാണ് പ്രേക്ഷരെ പരസ്യദാതാവിലേക്ക് എത്തിക്കുന്നത്. പക്ഷെ ഈ പ്രസാധകരേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതാകട്ടെ സെർച്ച് എഞ്ചിനുകൾക്കും(ഗൂഗിൾ). ഡിഎൻപിഎ പറയുന്നു.

ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ പ്രധാനിയാണ് ഗൂഗിളെന്നും പ്രസാധകർ നിർമിക്കുന്ന ഉള്ളടക്കങ്ങൾക്ക് എത്ര പ്രതിഫലം നൽകണം എന്ന് ഗൂഗിൾ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഡിഎൻപിഎ ആരോപിക്കുന്നു. ഗൂഗിൾ സെർച്ചിൽ ഉപയോഗിക്കുന്ന വാർത്താ ശകലങ്ങൾക്ക് മാധ്യമങ്ങൾക്ക് പ്രതിഫലം നൽകേണ്ടതില്ലെന്നും ഗൂഗിൾ തന്നെ തീരുമാനിക്കുന്നു. പരസ്യദാതാക്കൾ ചെലവഴിക്കുന്ന പരസ്യത്തിന്റെ 51% മാത്രമേ വെബ്സൈറ്റ് പ്രസാധകർക്ക് ലഭിക്കുന്നുള്ളൂവെന്നും ഡിഎൻപിഎ പറഞ്ഞു.

സമാനമായ മറ്റൊരു പരാതിയിൽ ആപ്പിളിനെതിരെയും കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ വിപണിയിലെ മേധാവിത്വം ആപ്പിൾ ചൂഷണം ചെയ്യുന്നുവെന്നും ആപ്പ് ഡെവലപ്പർമാർക്ക് ഇത് കനത്ത ആഘാതമാവുന്നുവെന്നും കാണിച്ച് ‘റ്റുഗതർ വി ഫൈറ്റ് സൊസൈറ്റി’ എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Article Categories:
Latest News · Technology · World

Leave a Reply

Your email address will not be published. Required fields are marked *