തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശനങ്ങളടങ്ങിയ ഭാഗങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചു.
ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനം കൊറോണ സമയത്ത് നേരിട്ടത്. പ്രതിസന്ധി കാലത്ത് സംസ്ഥാനത്തെ കേന്ദ്രം സഹായിച്ചില്ല. സംസ്ഥാന വിഹിതം കുറക്കുകയും ചെയ്തു. 6500 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
അതേസമയം കെ-റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും നയപ്രഖ്യാപനപ്രസംഗത്തിൽ അദ്ദേഹം വായിച്ചു. കെ റെയിൽ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ റെയിൽ. കെ റെയിലിന് കേന്ദ്രം അനുമതി നൽകണം. കേന്ദ്രം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം. അതിവേഗ യാത്രയ്ക്ക് കെ റെയിൽ പദ്ധതി അനിവാര്യമാണെന്നും ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.