രാജ്യത്തെ ഏറ്റവുംവലിയ വായ്പത്തട്ടിപ്പ്; എ.ബി.ജി. ഷിപ്പ് യാർഡിന് ഗുജറാത്തിലെ ബി.ജെ.പി. സർക്കാർ സ്ഥലം നൽകിയിരുന്നത് പകുതിവിലയ്ക്ക്.

February 18, 2022
138
Views

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവുംവലിയ വായ്പത്തട്ടിപ്പ് നടത്തിയ എ.ബി.ജി. ഷിപ്പ് യാർഡിന് ഗുജറാത്തിലെ ബി.ജെ.പി. സർക്കാർ സ്ഥലം നൽകിയിരുന്നത് പകുതിവിലയ്ക്ക്. സംഭവം വിവാദമായതോടെ സൂറത്തിൽ മാരിടൈം സർവകലാശാലയ്ക്കായി നൽകിയ 1.21 ലക്ഷം ചതുരശ്രമീറ്റർ സ്ഥലം കഴിഞ്ഞദിവസം തിരിച്ചെടുത്തു.

രാജ്യത്തെ 28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപ തിരിമറി ചെയ്തതിന് എ.ബി.ജി. ഉടമ ഋഷി അഗർവാൾ ഉൾപ്പെടെയുള്ളവരുടെപേരിൽ സി.ബി.ഐ. കേസെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡി.യും കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൂറത്തിലെ ഇഛാപുരിൽ കമ്പനിക്ക് അനുവദിച്ച സ്ഥലം ഗുജറാത്ത് വ്യവസായ വികസന കോർപ്പറേഷൻ തിരിച്ചെടുത്തത്.

2007-ലാണ് മാരിടൈം സർവകലാശാല സ്ഥാപിക്കാൻ 50 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടത്. ചതുരശ്രമീറ്ററിന് 1400 രൂപയുടെ സ്ഥാനത്ത് 700 രൂപയാണ് ഈടാക്കിയത്. വലിയ ഇളവ് അനുവദിച്ചതിൽ 2014-ലെ സി.എ.ജി. റിപ്പോർട്ടിൽ വിമർശനമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റിക്കുള്ള ഒരു നടപടിയും സ്വീകരിക്കാതെ കമ്പനിസ്ഥലം കൈവശംവെച്ചു. ദാഹേജിൽ രണ്ടാമത്തെ കപ്പൽനിർമാണകേന്ദ്രത്തിന് സംസ്ഥാന സർക്കാർ ദീർഘകാല പാട്ടത്തിനാണ് സ്ഥലം നൽകിയത്. വാടക നൽകാറില്ലെന്ന് സി.എ.ജി. റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൈബ്രന്റ് ഗുജറാത്ത് സംഗമങ്ങളിൽ ഒപ്പിട്ട ധാരണാപത്രങ്ങൾ ഉപയോഗിച്ച് കമ്പനി വായ്പകൾ തരപ്പെടുത്തിയതായി കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ ആരോപിച്ചിരുന്നു. എന്നാൽ, 2012-13 വരെ സ്ഥാപനം ലാഭത്തിലായിരുന്നുവെന്നാണ് കണക്കുകൾ. 2016 ആയപ്പോഴേക്കും 3000 കോടിയിലേറെ നഷ്ടത്തിലായി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ എ.ബി.ജി. ഷിപ്പ്‌യാർഡിന് ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി., കോൺഗ്രസ് പാർട്ടികളുടെ പരസ്പരവിമർശനത്തിൽനിന്ന് വ്യക്തമാകുന്നത്.

നേവിയുടെ വലിയ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചത് 2005-12 കാലത്താണെന്ന് ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു. പരേതനായ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വഴി യു.പി.എ.യിൽ കമ്പനി സ്വാധീനം ചെലുത്തിയെന്ന് ബി.ജെ.പി. വക്താവ് സുധാംശു ത്രിവേദി ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, 2013-ൽ ദക്ഷിണ കൊറിയ സന്ദർശിച്ച മുഖ്യമന്ത്രി മോദിയുടെ സംഘത്തിൽ ഋഷി അഗർവാൾ ഉണ്ടായിരുന്നതായി കോൺഗ്രസ് തിരിച്ചടിച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *