കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി ധനസഹായവുമായി സര്‍ക്കാര്‍

August 21, 2021
242
Views

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി രൂപ ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതു വരെ മാസം തോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്.

ഐ.സി.ഡി.എസ്. ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കൊവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കൊവിഡ് അനുബന്ധ ശാരീരിക പ്രശ്നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കൊവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച്‌ ഇപ്പോള്‍ ഏക രക്ഷിതാവ് കൊവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കില്ല. നിലവില്‍ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാല്‍ കുട്ടിക്ക് 18 വയസാകുന്നതിന് മുമ്ബ് രക്ഷിതാക്കള്‍ക്ക് ഈ സ്‌കീമില്‍ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.

സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച്‌ ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂര്‍ത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കണ്‍വീനറായും ആരോഗ്യവകുപ്പ് ഡയറക്ടര്‍/ അഡീഷണല്‍ ഡയറക്ടറില്‍ കുറയാത്ത പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മുഖാന്തിരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്തുത കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *