ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കമ്ബ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഇല്ലാത്ത കുട്ടികളുണ്ടെന്നും ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ അവര്‍ക്ക് അവസരം നഷ്ടമാകുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ വീടുകളില്‍ ഇരുന്ന് എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പ്ലസ് ടു യോഗ്യത നേടാന്‍ കഴിയാതിരുന്ന നിരവധി കുട്ടികളുണ്ട്, അവരുടെ അവസാന സാധ്യതയാണ് പ്ലസ് വണ്‍ പരീക്ഷ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഒക്ടോബറില്‍ മൂന്നാം തരംഗം ഉണ്ടാകുന്നതിനു മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക.
നേരത്തെ സെപ്റ്റംബര്‍ 13 വരെ സുപ്രീം കോടതി പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തിരുന്നു. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു കോടതി നടപടി. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് പറഞ്ഞാണ് കോടതി 13 വരെ പ്ലസ് വണ്‍ പരീക്ഷ നടത്തരുതെന്ന് നിര്‍ദേശിച്ചത്.
പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരെ അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.